ഇ ബുൾ ജെറ്റ് സഹോദരങ്ങളുടെ ജാമ്യം റദ്ദാക്കണമെന്ന ഹരജി; കോടതി വിധി ഇന്ന്
|പ്രതികൾക്ക് കഞ്ചാവ് ബന്ധമുണ്ടോ എന്നതടക്കം അന്വേഷണ വിധേയമാക്കണമെന്ന നിലപാടാണ് പൊലീസ് കോടതിയിൽ സ്വീകരിച്ചിരുന്നത്.
ആർ.ടി ഓഫീസിലെ പൊതുമുതൽ നശിപ്പിച്ച കേസിൽ ഇ ബുൾ ജെറ്റ് സഹോദരങ്ങളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സമർപ്പിച്ച ഹരജിയിൽ തലശ്ശേരി സെഷൻസ് കോടതി ഇന്ന് വിധി പറയും. വ്ലോഗർ സഹോദരന്മാരുടെ വീഡിയോകൾ പരിശോധിച്ച പോലീസ് പ്രതികൾക്ക് കഞ്ചാവ് ബന്ധമുണ്ടോ എന്നതടക്കം അന്വേഷണ വിധേയമാക്കണമെന്ന നിലപാടാണ് കോടതിയിൽ സ്വീകരിച്ചിരുന്നത്. ഇതിനായി പ്രതികളുടെ ജാമ്യം റദ്ദ് ചെയ്ത് ഇവരെ കസ്റ്റഡിയിൽ വേണമെന്നാണ് ആവശ്യം.
അതേസമയം, കസ്റ്റഡി അപേക്ഷ നൽകിയിട്ടില്ലെന്നും കേസ് കെട്ടിചമച്ചതാണെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. വാഹനത്തിന്റെ പിഴ അടയ്ക്കാൻ തയ്യാറാണെന്നും ഇ ബുൾ ജെറ്റ് സഹോദരങ്ങൾ കോടതിയെ അറിയിച്ചു. കഴിഞ്ഞ ദിവസം ഇരുഭാഗത്തിന്റെയും വാദം കേട്ട കോടതി കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
ആർ.ടി ഓഫീസിൽ സംഘർഷമുണ്ടാക്കിയതിനായിരുന്നു വ്ലോഗർമാരായ ഇ ബുൾ ജെറ്റ് സഹോദരങ്ങളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് ഇവരുടെ വാന്‍ കണ്ണൂര്‍ ആര്.ടി.ഒ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍നടപടികള്‍ക്കായി ഓഫീസില്‍ ഹാജരാവാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇരുവരും ഓഫീസിലെത്തിയതിനു ഇതിനു പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് വ്ലോഗര്‍ സഹോദരങ്ങളെ കസ്റ്റഡിയിലെടുത്ത് റിമാന്റ് ചെയ്തെങ്കിലും ഇരുവർക്കും ജാമ്യം ലഭിച്ചിരുന്നു.