നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ഹരജികള്‍ ഇന്ന് സുപ്രിംകോടതിയില്‍
|ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ചാണ് ഹരജികൾ പരിഗണിക്കുക
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ഹരജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ചാണ് ഹരജികൾ പരിഗണിക്കുക.
വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിക്കാൻ കൂടുതൽ സമയം തേടി വിചാരണ കോടതി ജഡ്ജി ഹണി എം. വർഗീസ് സമർപ്പിച്ചതാണ് ഒരു ഹരജി. ആറ് മാസത്തെ സമയമാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് സൂചന. കേസിലെ വിചാരണ സമയബന്ധിതമായി പൂർത്തിയാക്കാൻ വിചാരണ കോടതിക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നൽകിയ അപേക്ഷയും ഇതോടൊപ്പം പരിഗണിക്കും. കേസിൽ ഒരിക്കൽ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കാൻ അനുവദിക്കരുതെന്നും ദിലീപ് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം കേസില്‍ വിചാരണ കോടതി മാറ്റത്തിനെതിരെയുള്ള ഹരജിയില്‍ പ്രത്യേക സിറ്റിംഗ് ചൊവ്വാഴ്ച നടത്തും. അവധിക്കായി കോടതി അടയ്ക്കുന്ന സാഹചര്യത്തിലാണ് ചൊവ്വാഴ്ച നടത്തുന്നത്. കേസിന്റെ വിചാരണം എറണാകുളം സ്പെഷ്യല്‍ സി.ബി.ഐ കോടതിയില്‍ നിന്ന് സെഷന്‍സ് കോടതിയിലേക്ക് മാറ്റിയതിനെതിരെയാണ് നടിയുടെ ഹരജി. ജസ്റ്റിസ് എ.എ സിയാദ് റഹ്മാന്റെ ബെഞ്ച് പ്രത്യേക സിറ്റിംഗ് നടത്തും.