പെട്രോളിനും മണ്ണെണ്ണയ്ക്കും വില കൂടി; സബ്സിഡി പോലും ലഭിക്കാതെ പൊറുതിമുട്ടി മത്സ്യത്തൊഴിലാളികള്‍
|കടലിൽ പോയി പതിനായിരം രൂപയുടെ മീൻ കിട്ടിയാലും 200 രൂപ പോലും വീട്ടിലേക്ക് കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയാണ്
കടലമ്മ കനിഞ്ഞിട്ടും സർക്കാരുകൾ കനിവ് കാട്ടാത്തതോടെ പ്രതിസന്ധിയിലാണ് മത്സ്യത്തൊഴിലാളികൾ. കടലിൽ പോയി സമ്പാദിക്കുന്ന പണം മുഴുവൻ ഇന്ധനത്തിന് ചിലവാക്കേണ്ട അവസ്ഥയിലാണ് ഇവർ. പ്രതിദിനം ഉയരുന്ന ഇന്ധനവില കുറച്ചൊന്നുമല്ല മത്സ്യത്തൊഴിലാളി കുടുംബത്തെ ബുദ്ധിമുട്ടിച്ചിരിക്കുന്നത്. മണ്ണെണ്ണ വില ഉയർന്നതും തിരിച്ചടിയായി.
കടലിൽ പോയി പതിനായിരം രൂപയുടെ മീൻ കിട്ടിയാലും 200 രൂപ പോലും വീട്ടിലേക്ക് കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയാണ്. സർക്കാരിന്റെ ഭാഗത്തു നിന്ന് സബ്സിഡി പോലും ഇല്ല . തരാമെന്ന് പറഞ്ഞ മണ്ണണ്ണ പോലും ലഭിച്ചിട്ടില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.
'ആരും തിരിഞ്ഞുനോക്കുന്നില്ല. കുടുംബം പട്ടിണിയിലാണ് കഴിയുന്നത്'- മത്സ്യത്തൊഴിലാളിയായ റോബിൻസൺ പറഞ്ഞു.
തീരദേശത്തുള്ള പകുതിയോളം മത്സ്യത്തൊഴിലാളികളും കടലില്‍ പോകുന്നില്ല. കടലില്‍ ചാകരയാണെങ്കിലും കരയില്‍ വറുതിയുടെ കാലമാണെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.