ഇന്ധന സെസ് കൂടി; മാഹിയിലെ പെട്രോൾ പമ്പുകളിൽ തിരക്കേറും
|നിലവിൽ മാഹിയിലെ പെട്രോൾ വില 93 രൂപ 80 പെസ. തൊട്ടടുത്ത തലശേരിയിലാവട്ടെ ഇന്ന് മുതൽ 107 രൂപ 80 പൈസയും
കേരളം: സംസ്ഥാനത്ത് ഇന്ന് മുതൽ ഇന്ധന സെസ് നടപ്പിലാകുന്നതോടെ പോണ്ടിച്ചേരിയുടെ ഭാഗമായ മാഹിയിലെ പെട്രോൾ പമ്പുകളിൽ തിരക്കേറും.മാഹിയും കേരളവും തമ്മിൽ ഇന്ധന വിലയിൽ ശരാശരി 14 രൂപയുടെ വ്യത്യാസമാണ് ഉണ്ടാവുക.ഇതോടെ മാഹിയിൽ നിന്ന് കേരളത്തിലേക്കുള്ള ഇന്ധനക്കടത്ത് ശക്തമായേക്കുമെന്നും ആശങ്കയുണ്ട് .
നിലവിൽ മാഹിയിലെ പെട്രോൾ വില 93 രൂപ 80 പെസ. തൊട്ടടുത്ത തലശേരിയിലാവട്ടെ ഇന്ന് മുതൽ 107 രൂപ 80 പൈസയും. കേരളവും മാഹിയും തമ്മിൽ 14 രൂപയുടെ അന്തരം.ഡീസൽ വിലയിലാവട്ടെ കണ്ണൂരിലെക്കാൾ 13 രൂപ 8 പൈസയുടെ കുറവ്.നിലവിൽ കെ.എസ്.ആർ.ടി.സി അടക്കം ദീർഘ ദൂര വാഹനങ്ങളെല്ലാം മാഹിയിൽ നിന്നാണ് ഇന്ധനം നിറക്കുന്നത്.ഇന്ധന സെസ് കൂടി നടപ്പിലാകുന്നതോടെ മാഹിയിലെ പെട്രോൾ പമ്പുകളിൽ തിരക്കേറും. നൂറ് ലിറ്റർ ഇന്ധനം നിറച്ചാൽ വാഹന ഉടമകൾക്ക് ലഭിക്കുന്നത് 1400 രൂപയുടെ ലാഭം.
18 പെട്രോൾ പമ്പുകളാണ് നിലവിൽ മാഹിയിലിലുളളത്.പ്രതി ദിനം 140 മുതൽ 150 കിലോ ലിറ്റർ ഇന്ധനമാണ് നിലവിൽ ഇവിടെ വിറ്റ് പോകുന്നത്.ഇന്ന് മുതൽ ഇത് 180 കിലോ ലിറ്റർ വരെയായി ഉയരുമെന്നാണ് പമ്പ് ഉടമകളുടെ പ്രതീക്ഷ.വാഹനങ്ങൾ ഇന്ധനം നിറക്കാൻ മാഹിയെ ആശ്രയിക്കുന്നതോടെ സംസ്ഥാനത്തിന് ഉണ്ടാകുന്നത് കോടികളുടെ നികുതി നഷ്ടം.
ഇതിനിടെ മാഹിയിൽ നിന്നും ഇന്ധന കടത്തും സജീവമായിട്ടുണ്ട്.12000 ലിറ്റർ സംഭരണ ശേഷിയുളള വലിയ ടാങ്കറുകളിലാണ് പ്രധാനമായും ഇന്ധനം കടത്തുന്നത്. ഒരു ടാങ്കർ ഇന്ധനം പുതുച്ചേരിയുടെ അതിർത്തി കടത്തിയാൽ ലഭിക്കുക ശരാശരി ലാഭം ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ.മാഹിയുടെ അതിർത്തി പങ്കിടുന്ന കേരളത്തിലെ പെട്രോൾ പമ്പുകളിൽ വിൽപന കുത്തനെ കുറഞ്ഞിട്ടുമുണ്ട്.