സൗജന്യമായി പെട്രോൾ നല്കിയില്ല; പമ്പ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികള് അറസ്റ്റിൽ
|ആക്രമണത്തിൽ പമ്പ് ജീവനക്കാരൻ സന്ദീപിന് ഗുരുതരമായി പരിക്കേറ്റിരുന്നു
കോട്ടയം: സൗജന്യമായി പെട്രോൾ നൽകാത്തതിനെ തുടർന്ന് പമ്പ് ആക്രമിച്ച് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ. കോട്ടയം ഏറ്റുമാനൂരിൽ കഴിഞ്ഞ ശനിയാഴ്ചയാണ് അക്രമിസംഘം ജീവനക്കാരനെ ആക്രമിച്ചത്. ആക്രമണത്തിൽ പമ്പ് ജീവനക്കാരൻ സന്ദീപിന് ഗുരുതരമായി പരിക്കേറ്റിരുന്നു.
ഏറ്റുമാനൂർ സ്വദേശികളായ ഷിന്റോ, ഷാലു, ആയാംകുടി സ്വദേശി രതീഷ്, പുന്നത്തറ സ്വദേശി സുധീഷ് എന്നിവരെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾ സംഘം ചേർന്ന് കിസ്മത്ത് പടിയിലെ പൊൻമാങ്കൽ പമ്പിലെ ജീവനക്കാരനെ അക്രമിച്ച കേസിലാണ് അറസ്റ്റ്. കമ്പിവടി, വടിവാൾ തുടങ്ങിയ ആയുധങ്ങൾ ഉപയോഗിച്ചായിരുന്നു അക്രമണം. മാരകമായി പരിക്കേറ്റ പമ്പ് ജീവനക്കാരൻ കിടങ്ങൂർ സ്വദേശി സന്ദീപ് ആശുപത്രിയിൽ ചികിത്സയിലാണ്.
ശനിയാഴ്ച രാത്രി പമ്പിൽ എത്തിയ പ്രതികളുടെ സുഹൃത്തായ യുവാവ് ജീവനക്കാരനോട് പണം നൽകാതെ വണ്ടിയിൽ പെട്രോൾ അടിക്കാൻ അവശ്യപ്പെട്ടു. ജീവനക്കാരൻ എതിർത്തതോടെ പ്രതികൾ സംഘമായെത്തി പീന്നീട് അക്രമണം അഴിച്ചുവിടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ നാലു പേരെയും റിമാൻഡ് ചെയ്തു. ഇവർക്കെതിരെ വിവിധ സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകളുണ്ട്. സംഘത്തിലെ മറ്റുള്ളവർക്കായി വേണ്ടി തിരച്ചിൽ ശക്തമാക്കിയതായി അന്വേഷണ സംഘം അറിയിച്ചു.