ഓമനിച്ച് അന്നം തന്നിരുന്നവര്‍ക്കായി കാത്തിരിപ്പ്; ദുരന്തഭൂമിയിൽ ഉടമയെ തിരഞ്ഞ് ഒരു പൂച്ച
|പ്രിയപ്പെട്ടവരെ തിരഞ്ഞ് ദുരന്തഭൂമിയിലെ വളർത്തു മൃഗങ്ങൾ
മേപ്പാടി: ആർത്തലച്ചെത്തിയ മലവെള്ളപ്പാച്ചിൽ മുണ്ടക്കൈ എന്ന നാടിനെ മുഴുവൻ വിഴുങ്ങിയപ്പോൾ അനാഥരായത് മനുഷ്യർ മാത്രമല്ല അവരെ ചുറ്റിപ്പറ്റി ജീവിച്ച വളർത്തു മൃഗങ്ങൾ കൂടിയാണ്. നായക്കളും പൂച്ചയും കോഴിയും താറാവും പശുവും തുടങ്ങി അവശേഷിച്ചവയെല്ലാം പ്രിയപ്പെട്ടവരെ തേടി ദുരന്ത ഭൂമിയിൽ അലഞ്ഞു. കുത്തിയൊലിച്ചെത്തിയ മണ്ണിൽ അവർ മണം പിടിച്ചു നടന്നു. അത്തരത്തിലൊരു പൂച്ചയാണ് ദുരന്ത ഭൂമിയിലെ നൊമ്പരക്കാഴ്ചയാവുന്നത്. ജീവിച്ച വീട് തിരിച്ചറിയാനാകാത്ത വിധം തകർന്നിട്ടുണ്ട്. അതിനു മുന്നിൽ പൂച്ച കാവലിരുപ്പാണ് ഈ പൂച്ച. ചുറ്റും കണ്ണോടിച്ചും ശബ്ദമുണ്ടാക്കിയും പൂച്ച വീടിന് ചുറ്റിലും അലഞ്ഞു നടക്കുകയാണ് തന്‍റെ പ്രിയപ്പെട്ടവര്‍ക്കായി.
വീടുകളെല്ലാം പാറക്കൂട്ടങ്ങളും മണ്ണും മരങ്ങളും മണ്ണും അടിഞ്ഞുകൂടി നാശോന്മുഖമാണ്. ചില വീടുകളൊന്നും ഒരു അവശേഷിപ്പുപോലുമില്ലാതെ ഒലിച്ചു പോയി. ഒമനിച്ചും ഊട്ടിയും കൂടെപ്പിറപ്പിനെ പോലെ സ്നേഹിച്ചവരെല്ലാം എവിടെയാണെന്ന ആശങ്കയിൽ ആരെങ്കിലും വരുമെന്ന പ്രതീക്ഷയോടെ ആ മണ്ണിൽ അപ്പോഴും അവർ കാത്തിരുന്നു തങ്ങളെ സ്നേഹിച്ചവർക്ക് വേണ്ടി.