പി.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറി സി.എ റൗഫ് അറസ്റ്റിൽ
|അർദ്ധരാത്രിയോടെ എൻ.ഐ.എ സംഘം റൗഫിന്റെ വീട്ടിലെത്തി പിടികൂടുകയായിരുന്നു
പാലക്കാട്: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ മുൻ സംസ്ഥാന സെക്രട്ടറി സി.എ.റൗഫ് പിടിയിൽ. പാലക്കാട് പട്ടാമ്പി കരിമ്പുള്ളിയിലെ വീട്ടിൽ നിന്നാണ് എൻ.ഐ.എ സംഘം റൗഫിനെ പിടികൂടിയത്. അർദ്ധരാത്രിയോടെ എൻ.ഐ.എ സംഘം റൗഫിന്റെ വീട്ടിലെത്തി പിടികൂടുകയായിരുന്നു.
രാജ്യവ്യാപകമായി പോപുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ റെയ്ഡ് നടന്ന ആദ്യ ദിവസം റൗഫിന്റെ വീട്ടിലും റെയ്ഡ് നടന്നിരുന്നു. എന്നാൽ അന്ന് റൗഫ് വീട്ടിലുണ്ടായിരുന്നില്ല. പിന്നീട് ഒളിവിൽ പോയ റൗഫിനായി എൻ.ഐ.എ സംഘം തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
ഇന്നലെ വീട്ടിൽ എത്തി എന്നറിഞ്ഞ ഉടൻ തന്നെ പട്ടാമ്പി പൊലീസിന്റെ സഹായത്തോടുകൂടി എൻ.ഐ.എ സംഘം റൗഫിനെ പിടികൂടുകയായിരുന്നു. നിലവിൽ പി.എഫ്.ഐയുടെ സംസ്ഥാനത്തെ പ്രധാന നേതാക്കളെല്ലാം ജയിലിലാണ്. രണ്ടുമാസമായി ഒളിവിലായിരുന്ന റൗഫ് മാത്രമായിരുന്നു പുറത്തുണ്ടായിരുന്നത്.