പോപുലർഫ്രണ്ട് നേതാക്കളുടെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും: കോടതിയിൽ ഹാജരാക്കാൻ എൻഐഎ
|നിരോധനത്തിന് ശേഷം സംഘടനയുടെ ഓഫീസുകൾ സീൽവെക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്
ന്യൂഡൽഹി: രാജ്യവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ എൻഐഎ കേരളത്തിൽ നിന്ന് അറസ്റ്റ് ചെയ്ത പതിനൊന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഏഴ് ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം പ്രതികളെ എൻഐഎ ഇന്ന് കോടതിയില്‍ ഹാജരാക്കും.
ഇന്ത്യയിൽ ഇസ്ലാമിക ഭരണം നടപ്പാക്കാൻ ലക്ഷ്യമിട്ട് ഗൂഡാലോചന നടത്തിയെന്നും ലഷ്കർ ഇ തൊയ്ബ, ഐഎസ് പോലയുള്ള ഭീകര സംഘടകളിലേക്ക് യുവാക്കളെ ആകർഷിക്കാൻ പദ്ധതികൾ തയ്യാറാക്കിയെന്നുമുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ എൻഐഎ ചുമത്തിയിട്ടുള്ളത്.
24ന് എൻഐഎ കോടതിയിൽ ഹാജരാക്കിയ പ്രതികളെ കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. കേരളത്തിലെ പ്രമുഖ നേതാക്കളെ കൊല്ലാൻ പോപുലർ ഫ്രണ്ട് ലക്ഷ്യമിട്ടിരുന്നു എന്നാണ് എൻഐഎയുടെ കണ്ടെത്തൽ. ഒരു സമുദായത്തിലെ പ്രത്യേക ആളുകളെ കൊന്ന് സമൂഹത്തിൽ സമാധാനം നശിപ്പിക്കുക എന്ന ലക്ഷ്യവും പ്രതികൾക്കുണ്ടായിരുന്നുവെന്നും ഇവരുടെ വീടുകളിൽ നിന്നും ഓഫീസുകളിൽ നിന്നും ലഭിച്ച രേഖകൾ ഇതാണ് വ്യക്തമാക്കുന്നതെന്നും എൻഐഎ കോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ കോടതി കസ്റ്റഡിയിൽ വിട്ടത്. കൊച്ചി യൂണിറ്റിന് പുറമേ ഡൽഹി യൂണിറ്റും പ്രതികളെ ചോദ്യം ചെയ്തിരുന്നു. നിർണായക വിവരങ്ങൾ പ്രതികളിൽ നിന്ന് ലഭിച്ചു എന്നാണ് റിപ്പോർട്ട്.
ഇന്ന് രാവിലെ 11 മണിയോടെ പ്രതികളെ കോടതിയിൽ ഹാജരാക്കും. ഇന്നലെ പോപുലർ ഫ്രണ്ട് ജനറൽ സെക്രട്ടറി അബ്ദുൾ സത്താറിനെ ഒക്ടോബർ 20 വരെ റിമാഡിൽ വിട്ടിരുന്നു. അബ്ദുൾ സത്താറിനെ കസ്റ്റഡിയിൽ വാങ്ങുവാനുള്ള അപേക്ഷയും എൻഐഎ കോടതിയിൽ നൽകിയേക്കും.
വരും ദിവസങ്ങളിൽ എൻഐഎ കൂടുതൽ പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് സാധ്യത. സമൂഹമാധ്യമങ്ങളിലൂടെ യുവാക്കളെ തീവ്രവാദപ്രവർത്തനത്തിന് പ്രേരിപ്പിച്ചു എന്ന കാര്യവും എൻഐഎ കണ്ടെത്തിയിട്ടുണ്ട്.
പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് ശേഷം സംഘടനയുടെ ഓഫീസുകൾ സീൽവെക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. അസം, മഹാരാഷ്ട്ര, കർണ്ണാടക, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ ഭൂരിഭാഗം പിഎഫ് ഐ ഓഫീസുകളും അനുബന്ധ സംഘടന ഓഫീസുകളും സീൽചെയ്തു.അസമിലെ ഹട്ടിഗാവിലുള്ള പോപ്പുലർ ഫ്രണ്ടിന്റെ ആസ്ഥാനവും കരീംഗഞ്ച്, ബക്‌സ എന്നിവിടങ്ങളിലെ ഓഫീസുകളും കേന്ദ്രസർക്കാരിന്റെ നിർദ്ദേശ പ്രകാരം സർക്കാർ സീൽ ചെയ്തു.
വിവിധയിടങ്ങളിൽ പോലീസ് പരിശോധനയും നടത്തി. സംഘർഷ സാധ്യത കണക്കിലെടുത്ത് കനത്ത പോലീസ് സുരക്ഷയിലാണ് നടപടികൾ. ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും പോലീസ് റെയ്ഡുകളും നടക്കുന്നുണ്ട്. നിരോധനത്തിൽ പിന്നാലെ സംഘടനയുടെയും നേതാക്കളുടെയും സോഷ്യൽ മീഡിയ അക്കൗണ്ടുകളും നീക്കംചെയ്തിട്ടുണ്ട്.