സംസ്ഥാനത്ത് അറസ്റ്റിലായ പിഎഫ്ഐ നേതാക്കൾ ഒക്ടോബർ 20 വരെ റിമാൻഡിൽ
|പ്രതികളെ വിയ്യൂരിലെ അതിസുരക്ഷാ ജയിലിലേക്ക് മാറ്റണമെന്ന് എൻഐഎ കോടതിയിൽ വാദിച്ചു.
കൊച്ചി: സംസ്ഥാനത്ത് അറസ്റ്റിലായ പിഎഫ്ഐ നേതാക്കളെ ഒക്ടോബർ 20 വരെ റിമാൻഡ് ചെയ്തു. എൻഐഎ കോടതിയുടേതാണ് നടപടി. പ്രതികളെ കാക്കനാട് ജയിലിലേക്ക് മാറ്റും. പ്രതികൾക്കെതിരെ കൂടുതൽ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാനുണ്ടെന്ന് എൻഐഎ കോടതിയെ അറിയിച്ചു.
സംസ്ഥാന സെക്രട്ടറി അബ്ദുൽ സത്താറിനെ കസ്റ്റഡിയിൽ വാങ്ങാനും എൻഐഎ അനുമതി തേടിയിട്ടുണ്ട്. എൻഐഎയുടെ ഏഴ് ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് എൻഐഎയുടെ പ്രത്യേക കോടതിയിൽ പിഎഫ്ഐ നേതാക്കളെ ഹാജരാക്കിയത്.
പ്രതികളെ വിയ്യൂരിലെ അതിസുരക്ഷാ ജയിലിലേക്ക് മാറ്റണമെന്ന് എൻഐഎ കോടതിയിൽ വാദിച്ചു. അതിസുരക്ഷാ ജയിലുകളിൽ സിസിടിവി ക്യാമറകൾ ഉണ്ടെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. പ്രത്യേക അപേക്ഷ നൽകിയാൽ വിഷയം പരിഗണിക്കാമെന്നായിരുന്നു കോടതിയുടെ നിലപാട്. അപേക്ഷ സമർപ്പിക്കുമെന്ന് എൻഐഎ അറിയിച്ചു.
റെയ്ഡിനിടെ പിടിച്ചെടുത്ത ഡിജിറ്റൽ തെളിവുകളുടെ മിറർ ഇമേജുകൾ ലഭിക്കാനുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. അതേസമയം, കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയിൽ വെച്ച് അറസ്റ്റിലായ പോപുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി അബ്ദുൽ സത്താറിനെ വിശദമായി ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന് എൻഐഎ ആവശ്യപ്പെട്ടു. തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ സമർപ്പിക്കും. കസ്റ്റഡി അപേക്ഷ പരിഗണിക്കുമ്പോൾ സത്താറിനെ കോടതിയിൽ ഹാജരാക്കുമെന്നാണ് പ്രതീക്ഷ.