നിരോധനത്തിനെതിരെ പോപുലർ ഫ്രണ്ട് സുപ്രിംകോടതിയിൽ
|ഹർജിയിൽ സുപ്രിം കോടതി ഇന്ന് വാദം കേട്ടേക്കും
ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിം കോടതിയെ സമീപിച്ച് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ. സംഘടനയെ നിരോധിച്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം ശരിവച്ച യുഎപിഎ ട്രിബ്യൂണൽ വിധി ചോദ്യം ചെയ്താണ് പോപുലർ ഫ്രണ്ട് പരമോന്നത കോടതിയെ സമീപിച്ചത്.
2022 സെപ്തംബറിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പോപുലർ ഫ്രണ്ടിനെ നിരോധിത സംഘടനയായി പ്രഖ്യാപിച്ചത്. റീഹാബ് ഇന്ത്യ ഫൗണ്ടേഷൻ, കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ അടക്കം ഏഴ് കീഴ്ഘടകങ്ങളെയും മന്ത്രാലയം നിരോധിച്ചിരുന്നു.
ഹർജിയിൽ സുപ്രിം കോടതി ഇന്ന് വാദം കേട്ടേക്കും. ജസ്റ്റിസ് അനിരുദ്ധ ബോസ്, ബേല എം ത്രിവേദി എന്നിവരടങ്ങുന്ന ബഞ്ചാകെ മുമ്പാകെ ഹർജി ലിസ്റ്റ് ചെയ്തിട്ടുണ്ട്.
രാജ്യത്തിന്റെ മതസൗഹാർദ അന്തരീക്ഷം തകർക്കുന്നതും ഭീകരവാദത്തെ പിന്തുണയ്ക്കുന്നതുമാണ് പോപുലർ ഫ്രണ്ടിന്റെ പ്രവർത്തനം എന്നാണ് ആഭ്യന്തര മന്ത്രാലയം നിരോധനത്തിന് കാരണമായി പറഞ്ഞിരുന്നത്. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും പരമാധികാരത്തിനും സുരക്ഷയ്ക്കും എതിരാണ് ഇത്തരം പ്രവർത്തനങ്ങളെന്നും സർക്കാർ കുറ്റപ്പെടുത്തിയിരുന്നു. പോപുലർ ഫ്രണ്ട് ഓഫീസുകൾക്കും നേതാക്കൾക്കുമെതിരെ അഞ്ചു ദിവസങ്ങളിൽ നടത്തിയ വൻ റെയ്ഡിനു ശേഷമായിരുന്നു നിരോധനം.