റെയ്ഡ് ഭരണകൂട ഭീകരത: നേതാക്കളെ വിട്ടുകിട്ടിയില്ലെങ്കില്‍ ഹര്‍ത്താല്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധമെന്ന് പോപുലര്‍ ഫ്രണ്ട്
|റെയ്ഡ് സംബന്ധിച്ച് ഒരു വിശദാംശവും നല്‍കിയിട്ടില്ലെന്നും അബ്ദുല്‍ സത്താര്‍ പറഞ്ഞു.
കോഴിക്കോട്: സംഘ്പരിവാറിനെതിരെ സംസാരിക്കുമ്പോള്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍. അതിന്റെ ഭാഗമായാണ് പുലര്‍ച്ചെ മുതല്‍ പോപുലര്‍ ഫ്രണ്ട് ദേശീയ-സംസ്ഥാന- ജില്ലാ നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും റെയ്ഡ് നടത്തിയതെന്നും അന്വേഷണ ഏജന്‍സികള്‍ ഭരണകൂടത്തിനു വേണ്ടി പ്രവര്‍ത്തിക്കുകയാണെന്നും പോപുലര്‍ ഫ്രണ്ടിനെ വേട്ടയാടുകയാണെന്നും അബ്ദുല്‍ സത്താര്‍ കോഴിക്കോട്ടെ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇത്തരം വേട്ടയ്ക്കെതിരെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം നടക്കുന്നുണ്ട്. അത് തുടരുക തന്നെ ചെയ്യും. നേതാക്കളെ വിട്ടുകിട്ടിയില്ലെങ്കില്‍ ഹര്‍ത്താല്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധങ്ങള്‍ക്ക് രൂപം നല്‍കും. ഈ വേട്ട പോപുലര്‍ ഫ്രണ്ടോടു കൂടി അവസാനിക്കുന്നതല്ല. പോപുലര്‍ ഫ്രണ്ടിനു ശേഷം മറ്റ് ഓരോ വിഭാഗത്തിനു നേരെയും അടിച്ചമര്‍ത്താനുള്ള നടപടികളുമായി, എതിര്‍ശബ്ദങ്ങളെ മുഴുവന്‍ ഇല്ലാതാക്കാനുള്ള നടപടികളുമായി ആര്‍എസ്എസും അവര്‍ നിയന്ത്രിക്കുന്ന സര്‍ക്കാരും മുന്നോട്ടുപോവും. അതിനാല്‍ ജനാധിപത്യ- മതേതര പൊതു സമൂഹം ഭരണകൂട ഭീകരതയ്ക്കെതിരെ ശക്തമായി പ്രതിഷേധിക്കണം എന്നാണ് ആവശ്യപ്പെടാനുള്ളത്.
സംസ്ഥാന പ്രസിഡന്റ് സി.പി മുഹമ്മദ് ബഷീര്‍, ദേശീയ ചെയര്മാന് ഒ.എം.എ സലാം, ദേശീയ ജനറല്‍ സെക്രട്ടറി നസറുദ്ദീന്‍ എളമരം, ദേശീയ വൈസ് ചെയര്മാന്, ദേശീയ സെക്രട്ടറി, സംസ്ഥാന സമിതിയംഗം യഹിയാ തങ്ങള്‍, വിവിധ ജില്ലകളിലെ ജില്ലാ ഭാരവാഹികള്‍ എന്നിവരടക്കം 15ഓളം നേതാക്കളെ കേരളത്തില്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ നിന്ന് പ്രഫ. പി കോയയേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
റെയ്ഡ് സംബന്ധിച്ച് ഒരു വിശദാംശവും നല്‍കിയിട്ടില്ലെന്നും അബ്ദുല്‍ സത്താര്‍ പറഞ്ഞു. ഒരു അന്വേഷണം റെയ്ഡ് നടത്തുമ്പോള്‍ അതിന്റെ കാരണം അറിയിക്കാനുള്ള മാന്യത ഉണ്ടാവണമല്ലോ. റെയ്ഡിന് ഞങ്ങള്‍ എതിരല്ല. പൊലീസോ അന്വേഷണ ഏജന്‍സികളോ തങ്ങളെ സമീപിച്ചാല്‍ അതിനോട് സഹകരിക്കാറുണ്ട്. എന്നാല്‍ ഇത് പുലര്‍ച്ചെ മൂന്നിന് വീട്ടില്‍ വന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വൃദ്ധരേയും സ്ത്രീകളേയും പരിഗണിക്കാതെയാണ് അകത്തേക്ക് കയറി റെയ്ഡ് നടത്തിയത്. എന്തിനാണെന്ന് ചോദിച്ചിട്ട് അവര്‍ പറയുന്നില്ല.
അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് പോപുലര്‍ ഫ്രണ്ടിനെ വേട്ടയാടുക എന്നത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി നടന്നുകൊണ്ടിരിക്കുന്നു. ആര്.എസ്.എസ് ഉദ്ദേശിക്കുന്ന അജണ്ടയ്ക്കും മുസ്ലിം വംശഹത്യ നടപ്പാക്കുന്നതിനും തടസമായി നില്ക്കുന്ന ഒരു സംഘടനയെന്ന നിലയ്ക്ക് പോപുലര്‍ ഫ്രണ്ടിനെ വേട്ടയാടി ഇല്ലാതാക്കുക എന്നത് അവരുടെ ലക്ഷ്യമാണ്. ആ ലക്ഷ്യം നടപ്പാക്കുന്ന പണിയാണ് കേന്ദ്ര ഏജന്‍സികള്‍ ചെയ്യുന്നത്. ഒരു കുറ്റകൃത്യത്തിലും ഏര്‍പ്പെടുത്താത്ത ആളുകളെ പോലും കള്ളക്കേസ് ചുമത്തി കസ്റ്റഡിയിലെടുക്കുകയും വിവിധ വകുപ്പുകള്‍ ചുമത്തി ജയിലിലടയ്ക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണ് കണ്ടുകൊണ്ടിരിക്കുന്നത്.
അതേസമയം, ഓഫീസുകളില്‍ നിന്നും മറ്റും പിടിച്ചെടുത്തു എന്ന് പറയുന്ന സാധനങ്ങളുടെ വിവരം ലഭിച്ചിട്ടില്ലെന്നും ഹാര്‍ഡ് ഡിസ്ക് കൊണ്ടുപോയി എന്നാണ് വാര്‍ത്തകളില്‍ നിന്ന് അറിഞ്ഞതെന്നും നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദമാക്കി. എന്‍.ഐ.എ- ഇ.ഡി സംയുക്തമായാണ് റെയ്ഡ് നടത്തിയത്. കേരളം കൂടാതെ തമിഴ്നാട്, കര്‍ണാടക ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ ഓഫീസുകളിലും റെയ്ഡ് നടന്നു.
കേരളത്തില്‍ ദേശീയ ചെയര്മാന് ഒ.എം.എ സലാം, ദേശീയ ജനറല്‍ സെക്രട്ടറി നസറുദ്ദീന്‍ എളമരം, മുന്‍ ചെയര്മാന് ഇ അബൂബക്കര്‍, മുന്‍ നാഷണല്‍ കൗണ്‍സില്‍ അംഗം കരമന അശ്റഫ് മൗലവി, സംസ്ഥാന പ്രസിഡന്റ് സി.പി. മുഹമ്മദ് ബഷീര്‍, ജനറല്‍ സെക്രട്ടറി അബ്ദുല്‍ സത്താര്‍, സംസ്ഥാന സമിതിയം?ഗം സംസ്ഥാന സമിതി അംഗം യഹിയ തങ്ങള്‍, പത്തനംതിട്ട ജില്ലാ സെക്രട്ടറി സാദിഖ് അഹമ്മദ് തുടങ്ങിയവരുടെ വീട്ടിലാണ് റെയ്ഡ് നടന്നത്. കൂടാതെ, കോഴിക്കോട്ടെ സംസ്ഥാന ഓഫീസിലും കൊല്ലം മേഖലാ ഓഫീസിലും തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിലും കണ്ണൂര്‍ താണയിലെ ഓഫീസിലും റെയ്ഡ് നടന്നു.