പി.എഫ്.ഐ സംസ്ഥാന ജനറൽ സെക്രട്ടറി എ. അബ്ദുൽ സത്താർ കസ്റ്റഡിയിൽ
|എൻഐഎ സംഘം കൊല്ലത്തുവെച്ചാണ് അറസ്റ്റ് ചെയ്തത്
കൊല്ലം: പി.എഫ്.ഐ സംസ്ഥാന ജനറൽ സെക്രട്ടറി എ. അബ്ദുൽ സത്താർ കസ്റ്റഡിയിൽ. എൻഐഎ സംഘം കൊല്ലത്തുവെച്ചാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. അബ്ദുൽ സത്താറിന്റെ വീട്ടിലും ഇവിടെയുള്ള കാരുണ്യ സെന്ററിലും റിഹാബ് സെന്ററിലുമെല്ലാം രണ്ടു ദിവസം മുൻപ് പൊലീസിന്റെ പരിശേധനയുണ്ടായിരുന്നു. എന്നാൽ ആ സമയങ്ങളിൽ അബ്ദുൽ സത്താർ സ്ഥലത്തില്ലായിരുന്നു.
തിരിച്ചെത്തിയ സത്താർ രാവിലെ മുതൽക്കെ കാരുണ്യ സെന്ററിലുണ്ടായിരുന്നു. അൽപ സമയം മുൻപ് മാധ്യമങ്ങളെ കാണുകയും ചെയ്തിരുന്നു. തൊട്ടുപിന്നാലെയാണ് പൊലീസും കേന്ദ്ര ഏജൻസികളും ഇവിടെയെത്തി അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുന്നത്. നിരോധനത്തെ നിയമപരമായി നേരിടുമെന്നും റെയ്ഡുമായി പൂർണമായി സഹകരിച്ചിരുന്നുവെന്നുമായിരുന്നു എൻഐഎ കസ്റ്റഡിലെടുക്കുന്നതിന് തൊട്ടുമുമ്പ് അബ്ദുൽ സത്താറിന്റെ പ്രതികരണം.
അതേസമയം പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതിന്‍റെ പശ്ചാത്തലത്തില്‍ അനുകൂല സംഘടനകളുടേയും അക്കൗണ്ടുകള്‍ മരവിപ്പിക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിരോധിച്ച സംഘടനകളുടെ ഓഫീസുകള്‍ സീല്‍ ചെയ്യണമെന്നും ആഭ്യന്തരമന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.
കൊലപാതകങ്ങളും, രാജ്യദ്രോഹ പ്രവർത്തനങ്ങളും ഉൾപ്പടെ നിരവധി കാരണങ്ങൾ നിരത്തിയാണ് യുഎപിഎ നിയമത്തിലെ മൂന്നാം വകുപ്പ് പ്രകാരം പോപ്പുലർ ഫ്രണ്ടിനെ കേന്ദ്ര സർക്കാർ നിരോധിച്ചിരിക്കുന്നത്. പോപ്പുലർ ഫ്രണ്ട് ഉൾപ്പടെ നിരോധിച്ചിരിക്കുന്ന ഏതെങ്കിലും സംഘടനയുടെ പേരിൽ ഏത് വിധേനയും ഉള്ള പ്രവർത്തനം നടത്തുന്നത് രണ്ട് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റവുമാണ്. എന്നാൽ സുപ്രീംകോടതി ഉത്തരവ് പ്രകാരം സംഘടനയിൽ അംഗത്വമുണ്ട് എന്നത് അറസ്റ്റിനുള്ള കാരണമല്ല.
അതേസമയം നിരോധനം വിശദീകരിച്ചു കൊണ്ട് കേന്ദ്ര സർക്കാർ, വിജ്ഞാപനം യുഎപിഎ ട്രൈബ്യൂണലിന് നൽകും. ഇതിനായി മുപ്പത് ദിവസം വരെ സമയമുണ്ട്. ഈ ട്രൈബ്യൂണൽ മുൻപാകെ തങ്ങളുടെ വിലക്കിനെ ചോദ്യം ചെയ്ത് പോപ്പുലർ ഫ്രണ്ട് നേതൃത്വത്തിന് തെളിവുകൾ ഹാജരാക്കാം. വിദേശ തീവ്രവാദ സംഘടനകളുമായി പോപ്പുലർ ഫ്രണ്ടിനുള്ള ബന്ധങ്ങൾ സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നൽകുന്ന റിപ്പോർട്ട് പരിഗണിച്ച് ട്രൈബ്യൂണലിന് വിലക്ക് ശരി വെയ്ക്കാനും അല്ലെങ്കിൽ അന്വേഷണത്തിന് ഉത്തരവിടാനും 6 മാസം സമയം ഉണ്ട്. നിരോധനം ഏർപ്പെടുത്തിയതിനാൽ പോപ്പുലർ ഫ്രണ്ടിൻ്റെ പേരിൽ നടക്കുന്ന യുഎപിഎ നിയമത്തിൻ്റെ പരിധിയിൽ വരുന്ന കുറ്റകൃത്യങ്ങൾ നിരീക്ഷിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.