Kerala
ആവശ്യമായ താമസ സൗകര്യങ്ങളില്ല; പി.ജി ഡോക്ടർമാർ വീണ്ടും സമരത്തിലേക്ക്
Kerala

ആവശ്യമായ താമസ സൗകര്യങ്ങളില്ല; പി.ജി ഡോക്ടർമാർ വീണ്ടും സമരത്തിലേക്ക്

Web Desk
|
29 April 2023 2:11 AM GMT

600ൽ അധികം വനിതാ പിജി ഡോക്ടർമാരുള്ള തിരുവനന്തപുരം മെഡിക്കൽ കോളജിൽ 50 പേർക്ക് താമസിക്കാനുള്ള സൗകര്യമാണുള്ളത്

തിരുവനന്തപുരം: മെഡിക്കൽ കോളജുകളിലെ റസിഡന്റ് ഡോക്ടർമാർ വീണ്ടും സമരത്തിന് ഒരുങ്ങുന്നു. വനിതാ ഡോക്ടർമാർക്ക് പോലും താമസിക്കാൻ ആവശ്യമായ ഹോസ്റ്റലുകൾ ഇല്ലെന്നാണ് പരാതി. ഡ്യൂട്ടി സമയത്തിലെ അശാസ്ത്രീയത അടക്കമുള്ള പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നും ഡോക്ടർമാർ ആവശ്യപ്പെടുന്നു.

പോസ്റ്റ് ഗ്രാജുവേറ്റ് വിദ്യാർഥികളാണ് സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ റസിഡന്റ് ഡോക്ടർമാരായി ജോലി ചെയ്യുന്നത്. 600ൽ അധികം വനിതാ പിജി ഡോക്ടർമാരുള്ള തിരുവനന്തപുരം മെഡിക്കൽ കോളജിൽ 50 പേർക്ക് താമസിക്കാനുള്ള സൗകര്യമാണുള്ളത്.

ബാക്കിയുള്ളവർ പുറത്ത് വൻതുക വാടക നൽകിയാണ് താമസിക്കുന്നതെന്നും സ്‌റ്റൈപന്റായി ലഭിക്കുന്ന തുകയിൽ നിന്ന് വലിയ തുക ഇതിനായി ചെലവാകുന്നുണ്ടെന്നും പിജി ഡോക്ടർമാർ പറയുന്നു. എല്ലാ വർഷവും സ്‌റ്റൈപന്റ് തുക നാല് ശതമാനം കൂട്ടാമെന്ന സർക്കാർ ഉത്തരവും ഇതുവരെ നടപ്പായില്ല.

ഇതടക്കമുള്ള പ്രശ്‌നങ്ങളിൽ സർക്കാർ അനുകൂല സമീപനം സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് മെയ് രണ്ടിന് സംസ്ഥാനത്തെ എല്ലാമെഡിക്കൽ കോളജുകളിലേക്കും മാർച്ച് നടത്തും. അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കിൽ അനിശ്ചിതകാല സമരം അടക്കമുള്ള സമരരീതികളിലേക്ക് കടക്കാനാണ് റസിഡന്റ് ഡോക്ടർമാരുടെ തീരുമാനം.

Similar Posts