രാഹുൽ ഗാന്ധിയുടെ വയനാട് ഓഫീസിലെ ഫോൺ-ഇന്റർനെറ്റ് കണക്ഷനുകൾ വിച്ഛേദിച്ചു
|പൊതു ജനങ്ങൾക്ക് എം.പി ഓഫീസുമായി ബന്ധപ്പെടാനുള്ള ഫോൺ നമ്പറായിരുന്നു ഇത്
വയനാട് കൽപ്പറ്റയിലുള്ള രാഹുൽ ഗാന്ധിയുടെ എം പി ഓഫീസിലെ ഇന്റർനെറ്റ് കണക്ഷനും, ഫോൺ കണക്ഷനും ബിഎസ്എൻഎൽ വിച്ഛേദിച്ചു. ഇന്ന് ഉച്ചയോടെയാണ് രണ്ട് കണക്ഷനുകളും വിച്ഛേദിച്ചത്.
പൊതു ജനങ്ങൾക്ക് എം.പി ഓഫീസുമായി ബന്ധപ്പെടാനുള്ള ഫോൺ നമ്പറായിരുന്നു ഇത്. അയോഗ്യനാക്കപ്പെട്ടതിനെ തുടർന്ന് ഇദ്ദേഹം എംപിയല്ലാതായിരിക്കുന്നുവെന്നും എംപിക്കാവശ്യമായ പരിഗണന നൽകേണ്ടതില്ല എന്നുമുള്ള തീരുമാനത്തിലാണ് ബിഎസ്എൻഎല്ലിന്റെ നടപടി. പൊതുജനങ്ങൾക്ക് എംപി ഓഫീസിലേക്ക് വിളിക്കാനുള്ള ഫോൺ കണക്ഷനും ഇന്റർനെറ്റ് കണക്ഷനുമാണ് വിച്ഛേദിച്ചത്.
അയോഗ്യനാക്കപ്പെട്ടത് മുതൽ തന്നെ ഔദ്യോഗിക വസതിയുൾപ്പടെ രാഹുലിന് നൽകി വന്നിരുന്ന സൗകര്യങ്ങളെല്ലാം നിരോധിച്ചു വന്നിരുന്നു. ഇതേ രീതിയിൽ തന്നെയാണ് എം.പി ഓഫീസിലെ ഫോൺ,ഇന്റർനെറ്റ് ബന്ധങ്ങൾ വിച്ഛേദിച്ച നടപടിയും.
അതേസമയം, വയനാട്ടുകാർക്ക് നന്ദിയും ആശംസകളുമായി രാഹുൽ ഗാന്ധി കത്തെഴുതി. മുൻ എം പി എന്ന് സ്വയം വിശേഷിപ്പിച്ച് ഈ മാസം രണ്ടിന് എഴുതിയ കത്ത് മണ്ഡലത്തിലെ എല്ലാ വീടുകളിലും എത്തിച്ച് തുടങ്ങി . 11ന് രാഹുൽ വയനാട്ടിൽ എത്തുന്നതിന് മുന്പ് മുഴുവൻ വീടുകളിലും കത്ത് എത്തിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ് പ്രവർത്തകർ.
നാലു വർഷത്തെ പ്രവർത്തനം വിശദീകരിച്ച് തുടങ്ങുന്ന കത്ത് ഇന്ത്യൻ ജനാധിപത്യത്തെ തകർക്കാൻ ശ്രമിക്കുന്നവർക്ക് മുൻപിൽ തലകുനിക്കില്ലെന്ന് വ്യക്തമാക്കിയാണ് അവസാനിക്കുന്നത് . കത്തിനൊപ്പം ഈസ്റ്റർ, വിഷു ,ചെറിയ പെരുന്നാൾ ആശംസാ കാർഡും രാഹുലിന്റെ പേരിൽ വീടുകളിലെത്തിക്കുന്നുണ്ട്.