ശബരിമല തീർത്ഥാടനം; പന്തളത്ത് തിരുവാഭരണ ദർശനം ആരംഭിച്ചു
|വൃശ്ചിക പുലരിയിൽ ശബരിമലയിൽ നട തുറന്നതിനൊപ്പം തന്നെയാണ് മൂലസ്ഥാനമായ പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിലും തിരുവാഭരണ ദർശനം ആരംഭിച്ചത്
പത്തനംതിട്ട: ശബരിമല തീർത്ഥാടനത്തിന് തുടക്കമായതിന് പിന്നാലെ പന്തളത്ത് തിരുവാഭരണ ദർശനവും ആരംഭിച്ചു. വലിയകോയിക്കൽ ക്ഷേത്രത്തിലെ സ്‌ട്രോങ്ങ് റൂമില് സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണം ദർശിക്കാൻ ആദ്യ ദിവസം തന്നെ ആയിരക്കണക്കിന് പേരാണ് എത്തിയിട്ടുള്ളത്.
വൃശ്ചിക പുലരിയിൽ ശബരിമലയിൽ നട തുറന്നതിനൊപ്പം തന്നെയാണ് മൂലസ്ഥാനമായ പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിലും തിരുവാഭരണ ദർശനം ആരംഭിച്ചത്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള അയ്യപ്പന്മാർക്കൊപ്പം സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിനാളുകളാണ് ആദ്യ ദിവസം തന്നെ തിരുവാഭരണം ദർശിക്കാനെത്തിയത്.
മകരവിളക്ക് ദിവസം ശബരിമല ശ്രീ ധർമ്മ ശാസ്താവിനെ അണിയിക്കുന്ന തിരുവാഭരണങ്ങൾ ക്ഷേത്രത്തിന് സമീപത്തെ സ്രാമ്പിക്കൽ കൊട്ടാരത്തിനോട് ചേർന്ന സ്‌ട്രോംങ്ങ് റൂമിലാണ് സൂക്ഷിച്ചിരിക്കുന്നത്. ആധുനിക രീതിയിലുള്ള പ്രത്യേക സംവിധാനങ്ങൾ സ്ഥാപിച്ച് സ്‌ട്രോംങ്ങ് റൂമിന്റെ സുരക്ഷ ഇത്തവണ വർധിപ്പിച്ചിട്ടുണ്ട്. പുലർച്ചെ അഞ്ച് മുതൽ രാത്രി എട്ട്മണിവരെയാണ് വരെയാണ് തിരുവാഭരണം കാണുന്നതിനായി ഭക്തർക്ക് സമയം അനുവദിച്ചിരിക്കുന്നത്.
തീർത്ഥാടനത്തോട് അനുബന്ധിച്ച് ശബരിമലയിൽ ഒരുക്കിയിരിക്കുന്ന സൗകര്യങ്ങളിലും പന്തളം കൊട്ടാരം തൃപ്തി രേഖപ്പെടുത്തി. വിവിധ സ്ഥലങ്ങളിൽ നിന്നെത്തുന്ന അയ്യപ്പന്മാരുടെ പ്രധാന ഇടത്താവളമായ പന്തളത്തും ദിവസേനയുള്ള അന്നദാനമടക്കം മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.