ആദ്യ നിയമസഭ സമ്മേളനം മറ്റന്നാള്‍: ജൂണ്‍ നാലിന് ബജറ്റ്
|വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ചത് കൊണ്ട് ജനകീയ പ്രഖ്യാപനങ്ങള്‍ ആദ്യ ബജറ്റില്‍ ഉണ്ടായേക്കും
പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം മറ്റെന്നാള്‍ ആരംഭിക്കും. എം.എല്‍.എമാരുടെ സത്യപ്രതിഞ്ജ തിങ്കളാഴ്ച നടക്കും.സ്പീക്കര്‍ തെരഞ്ഞെടുപ്പ് ചൊവ്വാഴ്ചയാണ് നടക്കുക. രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അടുത്ത മാസം നാലിന് അവതരിപ്പിക്കും.
തെരഞ്ഞെടുപ്പ് ഫലം വന്ന് സത്യപ്രതിഞ്ജ വൈകിയെങ്കിലും നിയമസഭ സമ്മേളനം നീട്ടികൊണ്ട് പോകേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. തീങ്കളാഴ്ച രാവിലെ ഒന്‍പത് മണിക്ക് എം.എല്‍.എമാരുടെ സത്യപ്രതിഞ്ജ നടക്കും. പ്രോം ടേം സ്പീക്കര്‍ പി.ടി.എ റഹീമിന് മുന്നിലാണ് അംഗങ്ങള്‍ സത്യപ്രതിഞ്ജ ചെയ്യുന്നത്. ചൊവ്വാഴ്ച സ്പീക്കര്‍ തെരഞ്ഞെടുപ്പ്.
സ്പീക്കറായി എം.ബി രാജേഷിനെ ഇടത് മുന്നണി തീരുമാനിച്ചിട്ടുണ്ട്. പ്രതിപക്ഷം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുകയാണെങ്കില്‍ വോട്ടെടുപ്പ് നടക്കും. ഇല്ലെങ്കില്‍ രാജേഷിനെ തെരഞ്ഞെടുത്തതായി അറിയിക്കും.പിന്നീട് രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം വെള്ളിയാഴ്ച രണ്ടാം പിണറായി സര്‍ക്കാരിന്റെ നയപ്രഖ്യാപനം ഗവര്‍ണ്ണര്‍ നടത്തും. 31 മുതല്‍ രണ്ടാം തീയതി വരെ നയപ്രഖ്യാപനത്തിന് മേലുള്ള നന്ദിപ്രമേയ ചര്‍ച്ച.
ജൂണ്‍ നാല് വെള്ളിയാഴ്ചയാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ രണ്ടാം പിണറായി സര്‍ക്കാര്‍ പുതുക്കിയ ബജറ്റ് അവതരിപ്പിക്കുന്നത്. ഐസക് അവതരിപ്പിച്ച ബജറ്റ് നിലനില്‍ക്കുന്നത് കൊണ്ട് അതിന്റെ തുടര്‍ച്ചയായിരിക്കും ഉണ്ടാവുക. വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ചത് കൊണ്ട് ജനകീയ പ്രഖ്യാപനങ്ങള്‍ ആദ്യ ബജറ്റില്‍ ഉണ്ടായേക്കും. ക്ഷേമപെന്ഷന് വര്‍ധനവ് ബജറ്റിലുണ്ടാകും. 14 വരെ സഭ സമ്മേളിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ അത് വെട്ടിക്കുറയ്ക്കാനുള്ള സാധ്യതയുമുണ്ട്.