Kerala
കെ.വി.തോമസിന്റെ മൂക്ക് ചെത്തിക്കളയും എന്ന് ചിലര്‍; ഒരു ചുക്കും സംഭവിച്ചില്ല: മുഖ്യമന്ത്രി
Kerala

കെ.വി.തോമസിന്റെ മൂക്ക് ചെത്തിക്കളയും എന്ന് ചിലര്‍; ഒരു ചുക്കും സംഭവിച്ചില്ല: മുഖ്യമന്ത്രി

Web Desk
|
9 April 2022 12:18 PM GMT

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും സെമിനാറിൽ പങ്കെടുക്കുന്നുണ്ട്.

സിപിഎം വേദിയിലെത്തിയാൽ കെ.വി തോമസിന്റെ മൂക്ക് ചെത്തിക്കളയുമെന്ന് ചിലർ പറഞ്ഞു ഒരു ചുക്കും സംഭവിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സെമിനാറിന് വലിയ പ്രചാരണം ലഭിക്കുന്നതിന് വിഷയം ഇടയാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎം പാർട്ടി കോൺഗ്രസിന്റെ ഭാഗമായ സെമിനാർ ഉദഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും സെമിനാറിൽ പങ്കെടുക്കുന്നുണ്ട്.

''സെമിനാറില്‍ കേന്ദ്രസംസ്ഥാനബന്ധം ചര്‍ച്ച ചെയ്യുന്നു എന്നത് രാജ്യത്തിന്റെ ഇന്നത്തെ സാഹചര്യത്തില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ്. എം.കെ.സ്റ്റാലിന്‍ അതില്‍ പങ്കെടുക്കുന്നു എന്നതും പ്രാധാന്യം അര്‍ഹിക്കുന്നു. അതിനേക്കാളെല്ലാം അപ്പുറമാണ് കെ.വി.തോമസിനെക്കുറിച്ച് ഉയര്‍ത്തിക്കൊണ്ടുവന്ന കാര്യങ്ങള്‍. കെ.വി.തോമസിനെ ക്ഷണിച്ചത് കോണ്‍ഗ്രസിന്റെ പ്രതിനിധിയായാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രധാന നേതാവായിത്തന്നെയാണ് പങ്കെടുക്കുന്നത്. മൂക്ക് ചെത്തിക്കളയുമെന്ന് പറയുന്നത് കേട്ടിരിക്കുന്നു. പങ്കെടുക്കില്ല എന്ന് ചിലരങ്ങ് പ്രഖ്യാപിക്കുന്നത് കണ്ടു എന്തോ സംഭവിക്കാന്‍ പോകുന്നു എന്ന ഉത്കണ്ഠ. ഒരു ചുക്കും സംഭവിക്കില്ല എന്ന് ഞങ്ങള്‍ക്ക് ബോധ്യമുണ്ടായിരുന്നു. ഇപ്പോഴും ഒന്നും സംഭവിച്ചിട്ടില്ല. ഇനി നാളത്തെ കാര്യം.. വലുതൊന്നും സംഭവിക്കാനില്ല. അത് ഏതായാലും നാളേക്ക് വിടാം. പ്രവചനം നടത്താന്‍ ഉദ്ദേശിക്കുന്നില്ല''- അദ്ദേഹം പറഞ്ഞു.

എല്ലാവരും ഹിന്ദി സംസാരിക്കണമെന്ന് പറയുന്നത് അമിത് ഷ ആണ്. വ്യത്യസ്ത ഭാഷയും സംസ്ക്കാരവും നിലനിൽക്കുന്നതാണ് രാജ്യമാണ് ഇന്ത്യ. ആർഎസ്എസ് ഫെഡറൽ സംവിധാനത്തെ ശക്തമായി എതിർക്കുന്നവരാണ്. പ്രസിഡൻഷ്യൽ രീതിയാണ് സംഘ പരിവർ മുന്നോട്ട് വെക്കുന്നത്. കേന്ദ്ര സർക്കാറിൻ്റെ ഓരോ പ്രവൃത്തിയും കേന്ദ്ര സംസ്ഥാന ബന്ധങ്ങളെ ഇല്ലാതാക്കുന്നതാണ്. കേന്ദ്രാവിഷ്കൃത പദ്ധതികൾ വെട്ടിക്കുറച്ചു. പദ്ധതി നടപ്പാക്കാനുള്ള സംസ്ഥാന വിഹിതം കുത്തനെ കൂട്ടി. ജമ്മു കാശ്മീരിനെ രണ്ടായി വിഭജിച്ചു. സംസ്ഥാന പദവി ഇല്ലാതായി. ലക്ഷദ്വീപിൽ നടത്തുന്ന ഇടപെടലുകൾ വ്യാപക പ്രതിഷേധത്തിനിടയാക്കി. രാജ്യത്തിൻ്റെ ഫെഡറൽ സംവിധാനത്തെ ദുർബലപ്പെടുത്തുമ്പോൾ സംസ്ഥാനമാകെ ഒറ്റക്കെട്ടായി നിൽക്കേണ്ടതാണ്. എന്നാൽ കോൺഗ്രസ് ഇതിനൊപ്പം നിൽക്കുന്നില്ല. യു ഡി എഫ് എം പിമാരും ഇക്കാര്യത്തിൽ ഒന്നും ചെയ്യുന്നില്ല. പറഞ്ഞ വാക്കിന് വില കൊടുത്ത കെ.വി തോമസിന് നന്ദി. സ്റ്റാലിൻ രാജ്യം ഉറ്റുനോക്കുന്ന നേതാവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Similar Posts