Kerala
500 ഒരു വലിയ സംഖ്യ അല്ല; ജനങ്ങളുടെ മനസാണ് സത്യപ്രതിജ്ഞ വേദിയെന്ന് മുഖ്യമന്ത്രി
Kerala

500 ഒരു വലിയ സംഖ്യ അല്ല; ജനങ്ങളുടെ മനസാണ് സത്യപ്രതിജ്ഞ വേദിയെന്ന് മുഖ്യമന്ത്രി

Web Desk
|
17 May 2021 2:42 PM GMT

കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടത്താനാണ് സെൻട്രൽ സ്റ്റേഡിയം തെരഞ്ഞെടുത്തത്

രണ്ടാം പിണറായി സർക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങ് 500 പേരെ പങ്കെടുപ്പിച്ച് നടത്തും. വ്യാഴാഴ്ച 3.30ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് ചടങ്ങ് നടക്കുക. ഇത്തരം ചടങ്ങിൽ 500 ഒരു വലിയ സംഖ്യ അല്ലെന്നും പൂർണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും ചടങ്ങെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടത്താനാണ് സെൻട്രൽ സ്റ്റേഡിയം തെരഞ്ഞെടുത്തത്.സെൻട്രൽ സ്റ്റേഡിയത്തിലല്ല ജനങ്ങളുടെ മനസാണ് സത്യപ്രതിജ്ഞ വേദിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനാധിപത്യത്തില്‍ ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞ അവരെ തിരഞ്ഞെടുത്ത ജനങ്ങളുടെ മധ്യത്തില്‍ ജനങ്ങളുടെ ആഘോഷതിമിര്‍പ്പിനിടയില്‍ തന്നെയാണ് സാധാരണനിലയില്‍ നടക്കേണ്ടത്. അതാണ് ജനാധിപത്യത്തിലെ കീഴ്വഴക്കവും. പക്ഷേ നിര്‍ഭാഗ്യവശാല്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ ജനമധ്യത്തില്‍ ജനങ്ങളുടെ ആഘോഷ തിമിര്‍പ്പിനിടയില്‍ ഇത് നടത്താനാവില്ല. അതുകൊണ്ടാണ് പരിമിതമായ തോതില്‍ ഈ ചടങ്ങ് നടത്താന്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

'തിരുവനന്തപുരത്തെ സെന്‍ട്രല്‍ സ്റ്റേഡിയം 50,000 പേര്‍ക്ക് ഇരിക്കാവുന്ന ഇടമാണ്. എന്നാല്‍ സ്റ്റേഡിയത്തില്‍ പരമാവധി 500 പേരുടെ സാന്നിധ്യമാണ് ഇക്കുറി സത്യപ്രതിജ്ഞ ചടങ്ങിന്റെ ഭാഗമായി ഉണ്ടാകുക. അഞ്ചു വര്‍ഷം മുമ്പ് ഇതേ വേദിയില്‍ നാല്‍പതിനായിരത്തിലധികം പേരുടെ സാന്നിധ്യത്തില്‍ നടത്തിയ പരിപാടിയാണ് പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ചുരുക്കുന്നത്. 500 എന്നത് ഇത്തരമൊരു കാര്യത്തിന് വലിയ സംഖ്യ അല്ല എന്ന് കാണാന്‍ കഴിയും. 140 എംഎല്‍എമാരുണ്ട്. 29 എംപിമാരുണ്ട്. സാധാരണ നിലയില്‍ നിയമസഭാ അംഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന പാര്‍ലമെന്‍ററി പാര്‍ട്ടിയാണ് ഇതിനകത്തുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നത് തന്നെ. അവരെ ഒഴിവാക്കുന്നത് ജനാധിപത്യത്തില്‍ ഉചിതമായ കാര്യമല്ല. ജനാധിപത്യത്തിന്‍റെ അടിത്തൂണുകളാണ് ലെജിസ്ലേറ്ററും എക്സിക്യുട്ടീവും ജുഡീഷ്യറിയും. ജനാധിപത്യത്തെ മാനിക്കുന്ന ഒരാള്‍ക്കും ഈ മൂന്നിനേയും ഒഴിവാക്കാന്‍ കഴിയില്ല. ഇവമൂന്നും ഉള്‍പ്പെട്ടാലെ ജനാധിപത്യം അതിന്‍റെ സത്വയോടെ പുലരൂ. ഈ സാഹചര്യത്തിലാണ് ന്യായാധിപന്‍മാരേയും ഉദ്യോഗസ്ഥരേയും ഈ പരിപാടിയിലേക്ക് ക്ഷണിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Similar Posts