'ശമ്പളം ഒരുമിച്ച് നൽകും'; കെ.എസ്.ആർ.ടി.സി യൂണിയനുകൾക്ക് വീണ്ടും മുഖ്യമന്ത്രിയുടെ ഉറപ്പ്
|ഏപ്രിലിലെ ശമ്പളം കൊടുക്കാൻ 50 കോടി രൂപ സർക്കാർ ധനസഹായം ആവശ്യപ്പെട്ട് മാനേജ്മെന്റ് സർക്കാരിനെ സമീപിച്ചിട്ടുണ്ട്.
തിരുവനന്തപുരം: ശമ്പള വിഷയത്തിൽ കെ.എസ്.ആർ.ടി.സി യൂണിയനുകൾക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്. കഴിഞ്ഞ മാസത്തെ ശമ്പളം ഈ മാസം എട്ടിന് ഒരുമിച്ച് നൽകുമെന്ന് മുഖ്യമന്ത്രി യൂണിയനുകളെ അറിയിച്ചു. ശമ്പളം ഒരുമിച്ച് നൽകിയില്ലെങ്കിൽ ഈ മാസം എട്ട് മുതൽ ബി.എം.എസ് സമരം പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ ആഴ്ചയാണ് കെ.എസ്.ആർ.ടി.സി യൂണിയനുകൾ മുഖ്യമന്ത്രിയെ കണ്ടത്. ശമ്പളം ഗഡുക്കളായി നൽകുന്നത് അവസാനിപ്പിക്കുമോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ ഓണത്തിനും മുഖ്യമന്ത്രി ശമ്പള വിഷയത്തിൽ ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഇത് നടപ്പായില്ല. ഏപ്രിലിലെ ശമ്പളം കൊടുക്കാൻ 50 കോടി രൂപ സർക്കാർ ധനസഹായം ആവശ്യപ്പെട്ട് മാനേജ്മെന്റ് സർക്കാരിനെ സമീപിച്ചിട്ടുണ്ട്.
ശമ്പളം ഗഡുക്കളായി നൽകുന്നത് അവസാനിപ്പിക്കണമെന്ന് തൊഴിലാളി സംഘടനകൾ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഒരു ഉറപ്പ് നൽകാൻ മുഖ്യമന്ത്രി തയ്യാറായിട്ടില്ല.