മീഡിയവൺ: സുപ്രിംകോടതിയുടെത് അഭിപ്രായ സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുന്ന വിധി-മുഖ്യമന്ത്രി
|ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനും ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് വിക്രംനാഥ് എന്നിവർ അടങ്ങുന്ന ബഞ്ചാണ് മീഡിയവൺ വിലക്ക് നീക്കി ഇടക്കാല ഉത്തരവിറക്കിയത്.
മീഡിയവൺ സ്ംപ്രേഷണ വിലക്ക് സ്റ്റേ ചെയ്ത സുപ്രിംകോടതി വിധി അഭിപ്രായ സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുന്ന വിധിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമ സ്വാതന്ത്ര്യം വിലക്കിയ കേന്ദ്ര നടപടി സ്റ്റേ ചെയ്യാൻ സുപ്രിംകോടതി തയ്യാറായി. കേന്ദ്രസർക്കാർ സീൽഡ് കവറിൽ എന്തൊക്കെയോ ന്യായീകരണം നടത്തി. സുപ്രിംകോടതിക്ക് അത് അംഗീകരിക്കാൻ സാധിക്കാത്തതായിരുന്നു എന്ന് ഇന്നത്തോടെ വ്യക്തമായെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനും ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് വിക്രംനാഥ് എന്നിവർ അടങ്ങുന്ന ബഞ്ചാണ് മീഡിയവൺ വിലക്ക് നീക്കി ഇടക്കാല ഉത്തരവിറക്കിയത്. ചാനലിന് മുമ്പുണ്ടായിരുന്നതുപോലെ പ്രവർത്തിക്കാമെന്ന് കോടതി ഉത്തരവിട്ടു. ചാനലിന് വിലക്കേർപ്പെടുത്തുന്നതിനുള്ള സുരക്ഷാ ആശങ്കകൾ ഉന്നയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സമർപ്പിച്ച ഫയലുകൾ പരിശോധിച്ച ശേഷമാണ് വിലക്ക് സ്റ്റേ ചെയ്തത്.
സംപ്രേഷണ വിലക്ക് ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ ഇടക്കാല ഉത്തരവ് വേണമെന്ന മിഡീയവണിന്റെ ആവശ്യത്തിലാണ് ബഞ്ച് ഇന്ന് വാദം കേട്ടത്. ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവിനെതിരെ മീഡിയവൺ സമർപ്പിച്ച ഹർജി മാർച്ച് പത്തിനാണ് സുപ്രിംകോടതി പരിഗണിച്ചത്. ചൊവ്വാഴ്ച വിശദമായ വാദം കേൾക്കാമെന്ന് കോടതി അറിയിക്കുകയായിരുന്നു.