കെ.കെ രമയ്ക്ക് സഭയില് മറുപടി നല്കാതെ മുഖ്യമന്ത്രി; ഇത് രണ്ടാം തവണ
|ടി.പി കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകുന്നതുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയത്തിന് മുഖ്യമന്ത്രി നേരത്തെ മറുപടി നൽകിയിരുന്നില്ല
തിരുവനന്തപുരം: കെ.കെ രമയ്ക്ക് മുഖ്യമന്ത്രി മറുപടി നൽകാതിരിക്കുന്നത് ഈ സഭാ സമ്മേളന കാലയളവിൽ രണ്ടാം തവണ. അടിയന്തര പ്രമേയ നോട്ടീസ് മുഖ്യമന്ത്രിയ്ക്കാണ് നൽകിയിരുന്നെങ്കിലും സഭയിൽ ഉണ്ടായിരുന്ന മുഖ്യമന്ത്രി ഫ്ലോറിൽ വരാൻ തയ്യാറായില്ല. ടി.പി കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകുന്നതുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയത്തിന് മുഖ്യമന്ത്രി നേരത്തെ മറുപടി നൽകിയിരുന്നില്ല.
ഈ സഭാ സമ്മേളനകാലയളവിൽ രണ്ട് അടിയന്തര പ്രമേയ നോട്ടീസ് ആണ് രമ നൽകിയത്.രണ്ടും ആഭ്യന്തരവകുപ്പുമായി ബന്ധപ്പെട്ട്. ആദ്യം നോട്ടീസ് നൽകിയത് ടി.പി കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ. സി.പി.എം കേന്ദ്ര കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ വേണ്ടി ഉച്ചയ്ക്ക് ഡൽഹിയിലേക്ക് പോയ മുഖ്യമന്ത്രി അന്ന് രാവിലെ സഭയിൽ ഹാജരായില്ല. നോട്ടീസ് പരിഗണിക്കാൻ അന്ന് സ്പീക്കറും തയ്യാറായില്ല. സംസ്ഥാനത്ത് സ്ത്രീകൾക്കും കുട്ടികൾക്കും നേരെ നടക്കുന്ന അതിക്രമങ്ങൾ ആയിരുന്നു രമയുടെ ഇന്നത്തെ അടിയന്തര പ്രമേയ നോട്ടീസ്. ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് ആയിരുന്നു നോട്ടീസ്.
നിയമസഭയിൽ മുഖ്യമന്ത്രി ഉണ്ടായിരുന്നെങ്കിലും ഫ്ലോറിൽ വരാൻ തയ്യാറായില്ല.സ്ത്രീകളുടെ കുട്ടികളുടെയും വകുപ്പ് കൈകാര്യം ചെയ്യുന്നത് വീണയാണെന്ന് വിശദീകരിച്ചു കൊണ്ടാണ് മറുപടി നൽകാൻ വീണാ ജോർജിനെ ചുമതലപ്പെടുത്തിയത്.