ന്യൂസ് ക്ലിക്കിന് എതിരായ പൊലീസ് നടപടി പുനഃപരിശോധിക്കണം: മുഖ്യമന്ത്രി
|മുഖ്യധാരാ മാധ്യമങ്ങൾ അവഗണിച്ചുപോന്ന വിഷയങ്ങൾ രാജ്യശ്രദ്ധയിലേക്ക് കൊണ്ടുവരുന്ന ബദൽ മാധ്യമങ്ങളെ അടിച്ചമർത്താനുള്ള ശ്രമങ്ങൾ പ്രതിഷേധാർഹമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം: മുഖ്യധാരാ മാധ്യമങ്ങൾ അവഗണിച്ചുപോന്ന വിഷയങ്ങൾ രാജ്യശ്രദ്ധയിലേക്ക് കൊണ്ടുവരുന്ന ബദൽ മാധ്യമങ്ങളെ അടിച്ചമർത്താനുള്ള ശ്രമങ്ങൾ പ്രതിഷേധാർഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓൺലൈൻ വാർത്താ പോർട്ടലായ ന്യൂസ് ക്ലിക്കിന് നേരെയുള്ള പൊലീസ് നടപടിയെ ഗൗരവമായി കാണണം. ന്യൂസ് ക്ലിക്കിനെതിരായ ഡൽഹി പൊലീസിന്റെ നടപടി പുനഃപരിശോധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
എതിർ ശബ്ദങ്ങളെ അടിച്ചമർത്തുന്നത് ഫാഷിസ്റ്റ് രീതിയാണ്. മാധ്യമങ്ങൾക്ക് നിർഭയമായും സ്വതന്ത്രമായും സത്യസന്ധമായും വാർത്താ ശേഖരണവും പ്രകാശനവും നടത്താനുള്ള സ്വാതന്ത്ര്യം രാജ്യത്തുണ്ട്. അതുറപ്പുവരുത്താനുള്ള നടപടികളാണ് കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ത്യാവിരുദ്ധ പ്രചാരണത്തിന് ചൈനയുടെ ഫണ്ട് സ്വീകരിച്ചെന്ന് ആരോപിച്ച് ന്യൂസ് ക്ലിക്കിന്റെ എഡിറ്റർ ഇൻ ചീഫ് പ്രബീർ പുരകായസ്ഥ, എച്ച്.ആർ വിഭാഗം മാനേജർ അമിത് ചക്രവർത്തി എന്നിവരെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഭീകരവിരുദ്ധ നിയമമായ യു.എ.പി.എ, ഇന്ത്യൻ ശിക്ഷാനിയമം എന്നിവ പ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തത്.