രാജ്യത്തെ മതാധിഷ്ഠിതമാക്കാനാണ് ആർഎസ്എസ് ശ്രമം, പാർലമെന്റിൽ കണ്ടത് അതിന്റെ ഭാഗം: മുഖ്യമന്ത്രി
|പാർലമെന്റിൽ നടന്നത് രാജ്യത്തിന് ചേരാത്ത പ്രവൃത്തി, മതപരമായ ചടങ്ങ് പോലെയായിരുന്നു പുതിയ പാർലമെന്റിന്റെ ഉദ്ഘാടനമെന്ന് മുഖ്യമന്ത്രി പറഞ്ഞു
കോഴിക്കോട്: പാർലമെന്റിൽ നടന്നത് രാജ്യത്തിന് ചേരാത്ത പ്രവൃത്തിയാണെന്നും മതപരമായ ചടങ്ങ് പോലെയായിരുന്നു പുതിയ പാർലമെന്റിന്റെ ഉദ്ഘാടനമെന്നും മുഖ്യമന്ത്രി പിണറായി വിജയന്. ഇന്ത്യ ഒരു മതേതര റിപ്പബ്ലിക്കാണ് ഉദ്ഘാടന സമയത്ത് നടന്ന കാര്യങ്ങൾ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകാൻ പാടില്ലാത്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് വീരേന്ദ്ര കുമാർ അനുസ്മരണ സമ്മേളനത്തില് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
രാജ്യത്ത് മതനിരപേക്ഷത ആക്രമിക്കപ്പെടുകയാണ്. മതാധിഷ്ഠിത രാഷ്ട്രമാക്കി മാറ്റണമെന്നാണ് ആർഎസ്എസ് ആഗ്രഹിക്കുന്നത്. അതിന്റെ ഭാഗമായ നടപടിയാണ് ഇന്ന് പാർലമെന്റിലും കണ്ടത്. പൗരത്വം മതത്തിന്റെ അടിസ്ഥാനത്തിൽ നടപ്പിലാക്കാൻ ശ്രമിക്കുന്നു. അതിനാണ് പൗരത്വ ഭേദഗതി ബിൽ കൊണ്ടുവന്നത്. അത് കേരളത്തിൽ നടപ്പിലാക്കില്ല എന്നത് തന്നെയാണ് സർക്കാരിന്റെ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനാധിപത്യത്തിന് പല തരത്തിലുള്ള ഭീഷണി ഉയരുന്ന കാലമാണ്. രാജ്യം ജനാധിപത്യപരമായി തുടരുന്നതിനോട് യോജിപ്പില്ലാത്തവരാണ് രാജ്യത്തെ ഭരണത്തിന് നേതൃത്വം നൽകുന്നത്. ജനാധിപത്യത്തെ അട്ടിമറിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. അവർ ജുഡീഷ്യറിയെ കാൽകീഴിലാക്കാൻ ശ്രമം നടത്തുകയാണ്. സുപ്രീം കോടതിക്ക് പോലും അത്തരം കാര്യങ്ങളിൽ പ്രതികരിക്കേണ്ടി വന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.