'കുട്ടികൾ നിൽക്കുന്നത് നല്ല തണലത്തായിരുന്നു കെട്ടോ, അവര് പൊരിവെയിലത്തൊന്നുമായിരുന്നില്ല'- പ്രതികരിച്ച് മുഖ്യമന്ത്രി
|"കുട്ടികൾ സന്തോഷത്തോടെ കയ്യൊക്കെ വീശിയിരുന്നു"
കൽപ്പറ്റ: നവകേരള സദസ്സിന് സ്‌കൂൾ വിദ്യാർത്ഥികളെ കൊണ്ട് അഭിവാദ്യം ചെയ്യിച്ച സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. താൻ കണ്ട കുട്ടികൾ വെയിലത്തായിരുന്നില്ല എന്നും അവർ സന്തോഷത്തോടെയാണ് കൈ വീശിക്കാണിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം കാര്യങ്ങൾ ആവർത്തിക്കണമെന്നില്ലെന്നും കൽപ്പറ്റയിൽ മാധ്യമങ്ങളുമായി സംവദിക്കവെ മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
'പാനൂരിന് അടുത്താണ് അത് കണ്ടത്. കുട്ടികൾ നിൽക്കുന്നത് നല്ല തണലത്തായിരുന്നു കെട്ടോ. അവര് പൊരിവെയിലത്തൊന്നുമായിരുന്നില്ല. ഞാനാ കുട്ടികളെ കണ്ടതാണ്. കുട്ടികൾ സന്തോഷത്തോടെ കയ്യൊക്കെ വീശിയിരുന്നു. ഞാനും അവരോട് കൈ വീശി. പക്ഷേ, കുട്ടികളെ സ്‌കൂളിൽ നിന്ന് ഒരു പ്രത്യേക സമയത്ത് ഇറക്കി നിർത്തുന്നത് ഗുണകരമായ കാര്യമല്ല. അത് ആ നിലയ്ക്ക് ആവർത്തിക്കണമെന്നില്ല.' - എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ.
പാനൂരിനടുത്ത് ചമ്പാട്ടാണ് മുഖ്യമന്ത്രിയെ അഭിവാദ്യം ചെയ്യാൻ എൽപി സ്‌കൂൾ വിദ്യാർത്ഥികളെ വഴിയിൽ നിർത്തിയത്. കൂത്തുപറമ്പിലെ നവകേരള സദസ്സുമായി ബന്ധപ്പെട്ട് പാനൂരിലേക്ക് പോകുകയായിരുന്നു മുഖ്യമന്ത്രിയും സംഘവും.
ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിഡിയോയിൽ കുട്ടികൾ വെയിലത്തു നിന്നാണ് മുദ്രാവാക്യം വിളിക്കുന്നത്. അധ്യാപകർ മുദ്രാവാക്യം വിളിച്ചു കൊടുക്കുന്നതും കേൾക്കാം. 'അഭിവാദ്യങ്ങൾ, അഭിവാദ്യങ്ങൾ.. മുഖ്യമന്ത്രിക്കഭിവാദ്യങ്ങൾ, കേരള സർക്കാറിന് അഭിവാദ്യങ്ങൾ' എന്നാണ് കുട്ടികൾ വിളിച്ചിരുന്നത്.
ഇതേക്കുറിച്ച് നവകേരള സദസ്സിൽ മുഖ്യമന്ത്രി സംസാരിക്കുകയും ചെയ്തിരുന്നു. 'നവകേരള യാത്രയുടെ ഭാഗമായി ഞങ്ങളീ ബസ്സിലിങ്ങനെ സഞ്ചരിക്കുമ്പോൾ, ഒരു കള്ളവുമില്ലാത്തവരാണല്ലോ ഇളം മനസ്സ്...കുഞ്ഞുങ്ങൾ. അവരല്ലേ ചാടിവന്ന് ബസ്സിന് കൈ വീശുന്നത്. റോഡ് സൈഡിൽ വലിയ തോതിൽ കൂടി നിൽക്കുന്നത്. എന്താണ് അത് കാണിക്കുന്നത്.' - എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സംഭവത്തില്‍ ബാലാവകാശ കമ്മിഷന്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.