Kerala
pinarayi vijayan
Kerala

വിവാദങ്ങളിൽ മൗനം തന്നെ; എഡിജിപി - ആർഎസ്എസ് കൂടിക്കാഴ്ചയിൽ മറുപടി പറയാതെ മുഖ്യമന്ത്രി

Web Desk
|
10 Sep 2024 2:04 PM GMT

പറഞ്ഞത് കോൺഗ്രസ് വിമർശനവും ചരിത്രവും മാത്രം

തിരുവനന്തപുരം: പൊലീസിനെതിരെ ഉയർന്ന ഗുരുതര ആരോപണങ്ങിൽ മറുപടി പറയാതെ മുഖ്യമന്ത്രി പിണറായി വിജയൻ. പത്ത് ദിവസത്തിന് ശേഷമാണ് മുഖ്യമന്ത്രി ചൊവ്വാഴ്ച വൈകീട്ട് വിവാദങ്ങളുമായി ബന്ധപ്പെട്ട് സംസാരിക്കുന്നത്. എന്നാൽ, ആർഎസ്എസ് നേതാക്കളുമായി എഡിജിപി എം.ആർ അജിത് കുമാർ കൂടിക്കാഴ്ച നടത്തിയ സംഭവത്തിൽ അദ്ദേഹം മൗനം പാലിച്ചു. പി.വി അൻവർ ഉന്നയിച്ച വിമർശനങ്ങൾക്കും ഒരു മണിക്കൂർ നീണ്ടുനിന്ന പ്രസംഗത്തിൽ മറുപടിയുണ്ടായിരുന്നില്ല. കോൺഗ്രസ് വിമർശനവും ചരിത്രവും മാത്രമാണ് പിണറായി വിജയൻ പറഞ്ഞത്. മാധ്യമങ്ങളെ പഴിചാരാനും കോൺ​ഗ്രസ് നേതാക്കളായ വി.ഡി സതീശനെയും കെ. സുധാകരനെയും കെ.സി വേണുഗോപാലിനെയും വിമർശിക്കാനും അദ്ദേഹം മറന്നില്ല. ആർഎസ്എസുമായി സിപിഎമ്മിന് ഡീലുണ്ടെന്ന വാദത്തെയും മുഖ്യമന്ത്രി പ്രതിരോധിച്ചു. സിപിഎം കോവളം ഏരിയ കമ്മിറ്റി ഓഫിസ് ഉദ്ഘാടനവും സിപിഎം നിർമിച്ച 11 വീടുകളുടെ താക്കോൽദാനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഞങ്ങൾക്ക് ആർഎസ്എസിനെ പ്രീണിപ്പിക്കേണ്ട ഒരു ഘട്ടവും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വളരെ കൂടുതൽ കാര്യങ്ങളിലേക്ക് പോകുന്നില്ല. പോയാൽ ആ മട്ട് അങ്ങ് മാറിപ്പോകും. കേരളത്തിൽ ആർഎസ്എസ് ഏറ്റവും കൂടുതൽ കൊലപ്പെടുത്തിയത് സിപിഎമ്മുകാരെയാണ്. എന്തേ അതിന് ഇടയാക്കിയത്. അവരെ ആക്രമിക്കാൻ പോയതുകൊണ്ടാണോ, അവർ ഭയപ്പാട് സൃഷ്ടിക്കുകയായിരുന്നില്ലേ. നാടിനെ ഭയത്തിൽ ഒതുക്കാൻ പറ്റുമോ എന്നല്ലേ അവര്‍ നോക്കിയത്. സിപിഎം പോലൊരു പാർട്ടിയെ ദുർബലപ്പെടുത്തിക്കൊണ്ട് തങ്ങൾ ആഗ്രഹിക്കും വിധം ജനവിഭാഗങ്ങളിലേക്ക് കടന്നുകയറാം എന്നല്ലേ അവർ പ്രതീക്ഷിച്ചത്. ആരാണ് അതിനെ പ്രതിരോധിച്ചത്. അഭിമാനപൂർവം സിപിഎമ്മിന് പറയാൻ പറ്റും, ഞങ്ങളാണെന്ന്.

കോൺഗ്രസിനോ യുഡിഎഫിനോ അതിലൊരു പങ്കും ഉണ്ടായിട്ടില്ല. ഞങ്ങൾക്ക് പലരുടെയും ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. കടുത്ത വേദന കടിച്ചമർത്തിക്കൊണ്ട് ഞങ്ങൾ അതെല്ലാം സഹിച്ചിട്ടുമുണ്ട്. ഒന്നിന് പിറകെ ഒന്നായി സഖാക്കളുടെ ജീവൻ അപഹരിച്ചപ്പോൾ അതിന്റെ മുന്നിൽ പതറിയില്ല. കൂടുതൽ വീറോടെ വർഗീയതയെ എതിർക്കാനും ഒറ്റപ്പെടുത്താനുമുള്ള നടപടികളാണ് സ്വീകരിച്ചത്. എന്തെല്ലാം പദ്ധതികൾ നിങ്ങൾ പ്രഖ്യാപിച്ചു, ഏതെല്ലാം തരത്തിലുള്ളത്. ആ പാർട്ടിയെ നോക്കിയാണ് നിങ്ങൾ ആർഎസ്എസുമായി ബന്ധമുണ്ടാക്കുകയാണ് എന്ന് പറയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആർഎസ്എസ് ശാഖയ്ക്ക് താൻ കാവൽ നിന്നുവെന്ന് പറഞ്ഞ രാഷ്ട്രീയ നേതാവ് ആരാണ്? ആർഎസ്എസ് ശാഖ സംരക്ഷിക്കാൻ ആളുകളെ വിട്ടുനൽകി എന്ന് പരസ്യമായി പറഞ്ഞയാളാണ് കെപിസിസി പ്രസിഡന്റ്. ഗോൾവാൾക്കറുടെ ചിത്രത്തിന് മുൻപിൽ തല കുനിച്ചുനിന്നത് ആരെന്നോർക്കണം. ആർഎസ്എസ് ആഗ്രഹിച്ച കാര്യം ചെയ്യുന്നവരാണ് കോൺഗ്രസ് സർക്കാരുകൾ. കോൺഗ്രസിനെ വെള്ള പൂശും മുമ്പ് ചരിത്രം നോക്കണം. ഞങ്ങൾക്ക് കെട്ട ചരിത്രമില്ല. ആർഎസ്എസിനോട്‌ വിട്ടുവീഴ്ചയില്ലെന്ന നിലപാടാണ് ഇതുവരെ സ്വീകരിച്ചത്. അതിൽ വെള്ളം ചേർക്കില്ല. കട്ടപിടിച്ച സംഘപരിവാർ മനസ്സാണ് കോൺഗ്രസിനെന്നും പിണറായി വിജയൻ പറഞ്ഞു.



Similar Posts