'പരാതിക്കാരിയുടെ കത്ത് പുറത്തുവിടാൻ പിണറായി വിജയൻ വാക്കുകൊണ്ടും മുഖഭാവം കൊണ്ടും അനുമതി നൽകി'; ദല്ലാൾ നന്ദകുമാർ
|''രണ്ട് മുന്‍ ആഭ്യന്തര മന്ത്രിമാര്‍ക്കും കത്ത് പുറത്ത് വരാന്‍ താല്‍പര്യമുണ്ടായിരുന്നു''
കൊച്ചി: സോളാർ പീഡനക്കേസിലെ പരാതിക്കാരിയുടെ കത്ത് കാണിച്ചത് അന്നത്തെ പ്രതിപക്ഷനേതാവായിരുന്ന വി.എസ്.അച്യുതാനന്ദനെയായിരുന്നെന്ന് ദല്ലാൾ ടി.ജി നന്ദകുമാർ. കത്ത് പിന്നീട് പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനെ കാണിച്ചെന്നും നന്ദകുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പരാതിക്കാരിയുടെ കത്ത് പുറത്തുവിടാൻ പിണറായി വിജയൻ വാക്കുകൊണ്ടും മുഖഭാവം കൊണ്ടും അനുമതി നൽകി. എന്നാല്‍ കത്ത് പുറത്ത് വിടാന്‍ ആരും സമ്മര്‍ദം ചെലുത്തിയിട്ടില്ല. പിന്നീടാണ് ചാനലിന് കൈമാറിയതെന്നും നന്ദകുമാർ പറഞ്ഞു.
'പിണറായി വിജയൻ തന്നോട് കടക്കുപുറത്തെന്ന് പറഞ്ഞിട്ടില്ല. കേരള ഹൗസിൽ വെച്ചാണ് പിണറായി വിജയനെ കണ്ടത്. മൂന്നോ നാലോ തവണ പിണറായി വിജയനെ കണ്ടിട്ടുണ്ട്. പരാതിക്കാരിക്ക് വേണ്ടി പിണറായി വിജയനെ കാണാൻ സമയം വാങ്ങി നൽകിയിട്ടില്ല. മുഖ്യമന്ത്രി ആയതിന് ശേഷം പിണറായി വിജയനെ നേരിട്ട് കണ്ടിട്ടില്ല. 2016 ജനുവരി മുതൽ പിണറായി വിജയനുമായി അകൽച്ചയില്ല'. പിണറായിയുമായി ഉള്ള പ്രശ്‌നം പരിഹരിച്ചത് ഇടനിലക്കാരാണെന്നും നന്ദകുമാർ പറഞ്ഞു.
'ഉമ്മൻചാണ്ടി ശാരീരികമായി ഉപദ്രവിച്ചു എന്നാണ് 25 പേജുള്ള കത്തിൽ പറയുന്നത്. പരാതിക്കാരി ഉമ്മൻചാണ്ടിക്കെതിരെ എഴുതിയ കത്തിനെ പറ്റി വിശദമായി അന്വേഷിക്കാൻ വി എസ് അച്ചുതാനന്ദൻ നിർദേശം നൽകിയെന്നും നന്ദകുമാർ പറഞ്ഞു. കത്ത് പുറത്ത് വിട്ടത് ഉമ്മന്‍ചാണ്ടിയോടുള്ള വൈരാഗ്യത്തിന്‍റെ പുറത്താണ്. കത്ത് ലഭിച്ചത് ശരണ്യ മനോജ് വഴിയാണ്. യു.ഡി.എഫിലെ രണ്ട് മുന്‍ ആഭ്യന്തര മന്ത്രിമാര്‍ക്കും കത്ത് പുറത്ത് വരാന്‍ താല്‍പര്യമുണ്ടായിരുന്നു. ' ടി.ജി നന്ദകുമാര്‍ പറഞ്ഞു.