അവതരിപ്പിച്ചത് ആശ്വാസ ബജറ്റ്, മൂന്നാം നൂറു ദിന പരിപാടിയില്‍ 15,896 കോടിയുടെ പദ്ധതി: മുഖ്യമന്ത്രി
|'സംസ്ഥാനം കാലിടറിപ്പോകരുതെന്ന് നിർബന്ധമുണ്ട്. നികുതി തെറ്റാണെന്ന് പറയുന്നവർക്ക് മാറ്റിപ്പറയേണ്ടിവരും'
തിരുവനന്തപുരം: കേന്ദ്ര നയത്താൽ വരിഞ്ഞുമുറുക്കപ്പെട്ട സംസ്ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആശ്വാസ ബജറ്റാണ് അവതരിപ്പിച്ചത്. സംസ്ഥാനം കാലിടറിപ്പോകരുതെന്ന് നിർബന്ധമുണ്ട്. നികുതി തെറ്റാണെന്ന് പറയുന്നവർക്ക് അത് മാറ്റിപ്പറയേണ്ടിവരും. വിഭവ സമാഹരണത്തിന് തടസം നിൽക്കുന്നത് ജനങ്ങളുടെ നൻമയ്ക്ക് വേണ്ടിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ധന സെസിനെതിരെ സമരം നടത്തുന്ന പ്രതിപക്ഷത്തെ മുഖ്യമന്ത്രി വിമര്‍ശിച്ചു. വിലനിർണയാധികാരം കുത്തകകൾക്ക് വിട്ടുനൽകിയവരാണ് സമരം ചെയ്യുന്നത്. ബി.ജെ.പിയും സമരത്തിലുണ്ട് എന്നത് വിചിത്രമാണ്. തരാതരം വില കൂട്ടാൻ എണ്ണക്കമ്പനികൾക്ക് അധികാരം നൽകിയവരാണ് ഇരുകൂട്ടരും. എണ്ണക്കമ്പനികളെ പ്രീണിപ്പിച്ചു ജനങ്ങളെ പിഴിഞ്ഞു മുന്നോട്ട് പോയവരാണ് കോൺഗ്രസ്. ഞെരുക്കിത്തോൽപ്പിക്കാം എന്ന മനോഭാവമാണ് കേന്ദ്രത്തിന്. അതിന് കോൺഗ്രസ് കുട പിടിക്കുന്നു. സമരം ജനങ്ങൾ മുഖവിലയ്ക്കെടുക്കില്ല. സര്‍ക്കാരിന് വേറെ വഴിയില്ലാത്തതുകൊണ്ടാണ് നികുതി കൂട്ടിയത്. സംസ്ഥാന സർക്കാർ നികുതി വർധിപ്പിച്ചത് ഒറ്റത്തവണയാണ്. മാസാമാസം കൂട്ടുന്നവർ വേറെയുണ്ടല്ലോ എന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാരിന്‍റെ മൂന്നാം നൂറ് ദിന കര്‍മ പരിപാടിയിലൂടെ 15,896 കോടിയുടെ പദ്ധതികൾ നടപ്പാക്കും. 1284 പദ്ധതികള്‍, 433644 തൊഴിൽ അവസരം, ലൈഫ് വഴി 20000 വ്യക്തിഗത ഭവനം തുടങ്ങിയവയാണ് നടപ്പാക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സാമ്പത്തിക ഞെരുക്കത്തിന്‍റെ കാരണം കേന്ദ്രസർക്കാരിന്‍റെ സമീപനമാണ്. കിഫ് ബി വായ്പ സംസ്ഥാന വായ്പയായി പ്രഖ്യാപിച്ചു. കേന്ദ്രത്തിന്റെ നടപടികളാണ് ധനഞെരുക്കം ഉണ്ടാക്കുന്നതെന്ന് പറയാൻ കോൺഗ്രസിനും യു.ഡി.എഫിനും കഴിയാത്തത് എന്താണ്? വികസന പ്രവർത്തനങ്ങൾ യു.ഡി.എഫ് അംഗങ്ങളുടെ മണ്ഡലങ്ങളിലും നടന്നു വരുന്നുണ്ട്. ശമ്പളവും പെൻഷനും നൽകാൻ കടമെടുക്കുന്നു എന്ന് വ്യാജ പ്രചാരണം നടത്തുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.