90 രൂപക്ക് കോഴി; മുഖ്യമന്ത്രിയുടെ കേരള ചിക്കന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ
|സംസ്ഥാനത്ത് കോഴിവില വന്‍ തോതില്‍ വര്‍ധിച്ചതോടെയാണ് ധനമന്ത്രിയായിരുന്ന തോമസ് ഐസക് അവതരിപ്പിച്ച കേരള ചിക്കന്‍ വീണ്ടും ചര്‍ച്ചയായത്.
സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വില കുതിച്ചുയരുന്നതിനിടെ മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് കുത്തിപ്പൊക്കിയും പ്രതിഷേധം. കേരള സര്‍ക്കാറിന്റെ കേരള ചിക്കന്‍ പദ്ധതിയെക്കുറിച്ചുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റാണ് രസകരമായ കമന്റുകളിട്ട് കുത്തിപ്പൊക്കുന്നത്.
2018 ഡിസംബര്‍ 30നാണ് കേരള ചിക്കന്‍ പദ്ധതിക്ക് തുടക്കമായി എന്ന പേരില്‍ മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടത്. വര്‍ഷം മുഴുവന്‍ കിലോക്ക് 90 രൂപ നിരക്കില്‍ കോഴികളെ ലഭ്യമാക്കുമെന്നും കോഴിയിറച്ചി 140-150 രൂപ നിരക്കില്‍ ലഭ്യമാക്കുമെന്നും പോസ്റ്റില്‍ പറയുന്നു.
സംസ്ഥാനത്ത് കോഴിവില വന്‍ തോതില്‍ വര്‍ധിച്ചതോടെയാണ് ധനമന്ത്രിയായിരുന്ന തോമസ് ഐസക് അവതരിപ്പിച്ച കേരള ചിക്കന്‍ വീണ്ടും ചര്‍ച്ചയായത്. 240 രൂപയാണ് ഇന്ന് കോഴിക്കോട് നഗരത്തില്‍ ഒരു കിലോ കോഴിയിറച്ചിയുടെ വില. വിവിധ സ്ഥലങ്ങളില്‍ വ്യത്യസ്ത വില ഈടാക്കുന്നുവെന്ന പരാതിയുമുണ്ട്. തമിഴ്‌നാട് ലോബിയാണ് വിലകൂട്ടുന്നത് എന്നാണ് കച്ചവടക്കാര്‍ പറയുന്നത്.