'മാരീച വേഷത്തിൽ വന്ന് കേരളത്തെ മോഹിപ്പിക്കാമെന്ന് കരുതരുത്'; മോദിക്ക് മറുപടിയുമായി പിണറായി
|'സംസ്ഥാനത്ത് ഒരിടത്തുപോലും ബി.ജെ.പി രണ്ടാം സ്ഥാനത്ത് എത്തില്ല'
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മോഹം എല്ലാവർക്കും ഉണ്ടാകാമെങ്കിലും ഒന്നും നടക്കാൻ പോകുന്നില്ലെന്ന് കേരളത്തിൽനിന്ന് എം.പി വേണമെന്ന മോദിയുടെ പരാമർശത്തിനു മറുപടിയായി പിണറായി പറഞ്ഞു. മാരീച വേഷത്തിൽ വന്ന് കേരളത്തെ മോഹിപ്പിക്കാമെന്നു കരുതരുതെന്നും അദ്ദേഹം പറഞ്ഞു.
മോഹം എല്ലാവർക്കും ഉണ്ടാകാം. അതൊന്നും നടപ്പാവില്ല. ഒരിടത്തുപോലും ബി.ജെ.പി രണ്ടാം സ്ഥാനത്ത് എത്തില്ല. ലോക നിലവാരത്തിലുള്ള കേരളത്തെയാണ് മറ്റു സംസ്ഥാനങ്ങളുടെ നിലവാരത്തിലേക്ക് ഉയർത്തുമെന്ന് മോദി പറയുന്നത്. എല്ലാം അറിയുന്ന മലയാളികളുടെ മുന്നിൽ നിന്നാണ് മോദി ഇത് പറയുന്നത്. കേരളം ബുദ്ധിമുട്ടിലായപ്പോഴെല്ലാം തിരിഞ്ഞുനോക്കാത്തവരാണ് ഇവിടെ വന്ന് ഇപ്പോൾ പ്രഖ്യാപനങ്ങൾ നടത്തുന്നത്. മാരീച വേഷത്തിൽ വന്ന് കേരളത്തെ മോഹിപ്പിക്കാമെന്ന് കരുതരുത്. എല്ലാം അറിയുന്നവരാണ് ജനങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു.
കരുവന്നൂർ ബാങ്ക് വിഷയത്തിൽ മോദിയുടെ വിമർശനത്തിനും മുഖ്യമന്ത്രി മറുപടി പറഞ്ഞു. കരുവന്നൂരിലെ വിഷയം ശ്രദ്ധയിൽപ്പെട്ട ഉടൻതന്നെ സഹകരണ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് പിണറായി പറഞ്ഞു. അതിൽ ക്രമവിരുദ്ധമായ വായ്പയുണ്ടെന്ന കാര്യം മനസ്സിലായി. കുറ്റക്കാരിൽനിന്ന് ബാങ്കിന് നഷ്ടപ്പെട്ട പണം ഈടാക്കാനുള്ള നടപടി 2019ൽ തന്നെ തുടങ്ങി. റവന്യൂ റിക്കവറി നടപടിയും സർക്കാർ തുടങ്ങി. പ്രതികൾ ആയവർ ഹൈക്കോടതിയെ സമീപിച്ച് മേടിക്കുകയായിരുന്നു. സഹകരണ വകുപ്പു കുറ്റക്കാരെന്ന് കണ്ടെത്തിയവരെയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വന്നപ്പോഴും കുറ്റക്കാരെന്ന് കണ്ടെത്തിയതെന്നും പിണറായി പറഞ്ഞു.
ഒരു സ്ഥലത്ത് നടന്ന ക്രമക്കേടിന്റെ പേരിൽ എല്ലായിടത്തും കുഴപ്പമാണെന്ന തരത്തിലുള്ള പ്രചാരണത്തിൽ യോജിപ്പില്ല. 313.80 ലക്ഷം രൂപയാണ് നിക്ഷേപമായി ഉണ്ടായിരുന്നത്. കോടി രൂപയായിരുന്നു വായ്പ തിരിച്ചടവായി ബാങ്കിന് ലഭിക്കാൻ ഉണ്ടായിരുന്നത്. ഇതിൽ പ്രത്യേക പാക്കേജ് പ്രഖ്യാപനം നിക്ഷേപം മടക്കിനൽകാനുള്ള നടപടി ബാങ്ക് സ്വീകരിച്ചു. 103 കോടി രൂപയുടെ വായ്പ തിരിച്ചടവ് ഇതിനകം വന്നു. എട്ടു കോടി 45 ലക്ഷം രൂപയുടെ വായ്പ അനുവദിച്ച് സാധാരണ നിലയിലേക്ക് ബാങ്ക് മാറിയെന്നും കുറ്റക്കാർക്കെതിരായ നടപടിയിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Summary: Kerala CM Pinarayi Vijayan reacts to the PM Narendra Modi's remarkS that he wanted an MP from Kerala