'ഇടതുപക്ഷത്തിന്‍റെ തുടര്‍ഭരണം നവകേരള സൃഷ്ടിയുടെ തുടര്‍ച്ച' സർക്കാരിന്‍റെ 100ാം ദിനത്തില്‍ മുഖ്യമന്ത്രി
|പരമാവധി ആളുകള്‍ക്ക് വാക്‌സിനേഷന്‍ ലഭ്യമാക്കിക്കൊണ്ട് ജനങ്ങളുടെ ജീവനും ജീവനോപാധികളും സംരക്ഷിക്കുന്നതിനാണ് ഈ ഘട്ടത്തില്‍ പ്രാധാന്യം നല്‍കുന്നതെന്നും മുഖ്യമന്ത്രി
നവകേരള സൃഷ്ടിയുടെ തുടര്‍ച്ചയായാണ് കേരളത്തിലെ ജനങ്ങള്‍ വീണ്ടും ഇടതുപക്ഷ സര്‍ക്കാരിനെ അധികാരത്തിലെത്തിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടാം എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റിട്ട് നൂറ് ദിവസം പിന്നിടുന്ന സന്ദര്‍ഭത്തില്‍ സര്‍ക്കാരിന്‍റെ നൂറാം ദിന സന്ദേശം നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
രണ്ടാം എല്‍.ഡി.എഫ് സര്‍ക്കാര്‍ നൂറാം ദിനത്തിലെത്തുമ്പോള്‍; മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവനയില്‍ നിന്ന്
കേരളത്തിലെ ജനങ്ങള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് തുടര്‍ഭരണം എന്ന ചരിത്ര ദൗത്യം സമ്മാനിച്ചതിന്‍റെ നൂറാം ദിവസമാണിന്ന്. 2016 ല്‍ ആരംഭിച്ച നവകേരള സൃഷ്ടിയുടെ തുടര്‍ച്ചയാണ് അതിലൂടെ ഉണ്ടായിട്ടുള്ളത്. നവകേരളം സുസ്ഥിരവും വികസിതവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും ആയിരിക്കുമെന്ന് ഉറപ്പു വരുത്താനുള്ള ഉത്തരവാദിത്തമാണ് ഈ ഘട്ടത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഏറ്റെടുക്കാനുള്ളത്.
വൈജ്ഞാനിക സമ്പദ്ഘടനയായും നൂതനത്വ സമൂഹമായും കേരളത്തെ വാര്‍ത്തെടുക്കുകയാണ്. അതിന്റെ അടിസ്ഥാനമൊരുക്കിക്കൊണ്ട് കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്തു തന്നെ ഇന്‍റര്‍നെറ്റ് പൗരാവകാശമായി പ്രഖ്യാപിച്ചിരുന്നു. കേരളത്തിന്‍റെ മുഖച്ഛായ മാറ്റുന്ന വിധത്തില്‍ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ പൂര്‍ത്തിയാക്കിയും വിജ്ഞാന വിസ്‌ഫോടനത്തിന്റെ പ്രയോജനം നമ്മുടെ കുഞ്ഞുങ്ങള്‍ക്കു ലഭ്യമാകുന്ന വിധത്തില്‍ ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ സാര്‍വ്വത്രികമായി ലഭ്യമാക്കിയും ഒരു സമൂഹമെന്ന നിലയ്ക്കു മുന്നേറുകയാണ് നാം.
ഈ മുന്നേറ്റത്തില്‍ നാമൊറ്റക്കെട്ടായി നില്‍ക്കുക എന്നത് പരമപ്രധാനമാണ്. അതുകൊണ്ടുതന്നെയാണ് എല്ലാതരം വര്‍ഗ്ഗീയ വിദ്വേഷ വിധ്വംസക പ്രവര്‍ത്തങ്ങളെയും അകറ്റി നിര്‍ത്താന്‍ സര്‍ക്കാര്‍ തന്നെ ഈ ഘട്ടത്തില്‍ മുന്‍കൈ എടുക്കുന്നത്. അതാകട്ടെ കൊവിഡ് മഹാമാരിക്കെതിരായുള്ള പോരാട്ടത്തില്‍ അനിവാര്യമാണുതാനും. പരമാവധി ആളുകള്‍ക്ക് വാക്‌സിനേഷന്‍ ലഭ്യമാക്കിക്കൊണ്ട് ജനങ്ങളുടെ ജീവനും ജീവനോപാധികളും സംരക്ഷിക്കുന്നതിനാണ് ഈ ഘട്ടത്തില്‍ പ്രാധാന്യം നല്‍കുന്നത്.
ആത്മാഭിമാനത്തോടെ എല്ലാവര്‍ക്കും ജീവിക്കാന്‍ കഴിയുന്ന സാഹചര്യം സൃഷ്ടിക്കാനുള്ള പദ്ധതികള്‍ പൂര്‍ത്തീകരണത്തോടടുക്കകയാണ്. ഈ സര്‍ക്കാരിന്റെ ആദ്യത്തെ മന്ത്രിസഭാ യോഗത്തില്‍ തന്നെ തീരുമാനിച്ച അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, വാതില്‍പ്പടി സേവനം, സ്ത്രീകളുടെ ഗാര്‍ഹിക ജോലി ഭാരം കുറയ്ക്കല്‍ എന്നിവ ഉടന്‍ തന്നെ പ്രാവര്‍ത്തികമാകും. അതോടൊപ്പം എല്ലാവര്‍ക്കും ഭൂമി, ഭവനം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്താനുള്ള ഇടപെടലുകളും മുന്നോട്ടു കൊണ്ടുപോവുകയാണ്. അത്തരത്തില്‍ സാമൂഹ്യനീതിയിലധിഷ്ഠിതമായ ഒരു നവകേരളമാണ് വിഭാവനം ചെയ്യുന്നത്.
കാര്‍ഷിക, വ്യാവസായിക, ഐറ്റി, ടൂറിസം മേഖലകളില്‍ കേരളത്തിനുള്ള തനതു സാധ്യതകളെ പ്രയോജനപ്പെടുത്തി ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനും തത്ഫലമായി സൃഷ്ടിക്കപ്പെടുന്ന അധികവിഭവങ്ങളുടെ നീതിയുക്തമായ വിതരണം സാധ്യമാക്കാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. അതിനുതകുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് കഴിഞ്ഞ നൂറു ദിവസം കൊണ്ട് തുടക്കം കുറിച്ചിരിക്കുന്നത്. അവയിലെല്ലാം കേരളത്തിലെ ജനങ്ങളുടെയാകെ അഭൂതപൂര്‍വ്വമായ പിന്തുണയാണ് ലഭ്യമായിക്കൊണ്ടിരിക്കുന്നത്.
തുടര്‍ന്നും ഒരുമിച്ചു നിന്ന് ലോകത്തിനു തന്നെ മാതൃകയാകുന്ന വിധത്തില്‍ ബദല്‍ നയങ്ങള്‍ നടപ്പാക്കി മുന്നേറാം എന്ന പ്രതിജ്ഞയെടുത്തുകൊണ്ട് ഇടതുപക്ഷ ജാധിപത്യ മുന്നണിയുടെ തുടര്‍ഭരണത്തിന്റെ ഈ നൂറാം ദിവസത്തെ നമുക്ക് അന്വര്‍ത്ഥമാക്കാം.