പി.ജെ കുര്യനെ പുകഴ്ത്തിയും കോണ്‍ഗ്രസിനെ വിമർശിച്ചും മുഖ്യമന്ത്രി
|പി.ജെ കുര്യനെപ്പറ്റിയുളള പുസ്തകം പ്രകാശനം ചെയ്യവെയാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം
തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ കുര്യനെ പുകഴ്ത്തിയും കോണ്‍ഗ്രസിനെ വിമർശിച്ചും മുഖ്യമന്ത്രി പിണറായി വിജയന്‍. സത്യം വിളിച്ച് പറയാന്‍ ആര്‍ജ്ജവമുളള നേതാവാണ് കുര്യനെന്ന് മുഖ്യമന്ത്രി പറഞ്ഞു. പി.ജെ കുര്യനെപ്പറ്റിയുളള പുസ്തകം പ്രകാശനം ചെയ്യവെയാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം.
കുര്യനെ ഉപരാഷ്ട്രപതിയാക്കാന്‍ ശ്രമിച്ചുവെന്ന വെളിപ്പെടുത്തല്‍ പുസ്തകത്തിലുണ്ട്. ക്ഷണിക്കപ്പെട്ടവരുടെ പട്ടികയില്‍ ഉണ്ടായിരുന്നെങ്കിലും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ചടങ്ങില്‍ പങ്കെടുത്തില്ല. പി.ജെ കുര്യന്‍ അനുഭവവും അനുമോദനവും എന്ന പുസ്തകം തിരുവനന്തപുരത്ത് പ്രകാശനം ചെയ്യവെയാണ് രാഷ്ട്രീയമായി എതിർചേരിയില്‍ നില്‍ക്കുന്ന കുര്യനെ മുഖ്യമന്ത്രി പ്രശംസ കൊണ്ട് മൂടിയത്. രാഹുൽ ഗാന്ധിയുടെ പ്രവർത്തനശൈലിയോടുള്ള തന്‍റെ വിയോജിപ്പ് ഒരു മറയുമില്ലാതെ പറഞ്ഞയാളാണ് കുര്യനെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. താന്‍ പറഞ്ഞയാള്‍ക്ക് പാര്‍ട്ടി സീറ്റ് നല്കാതിരുന്നതിലുള്ള പരാതി മറ്റൊരു വിഷയം ഉയര്‍ത്തി കുര്യന്‍ പറഞ്ഞ് വച്ചു. മന്ത്രി പി. രാജീവ്,മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അടക്കം നിരവധി പേര്‍ പരിപാടിയില്‍ പങ്കെടുത്തു.