Kerala
മദ്രസാ അധ്യാപകർക്കായി ഒരു ആനുകൂല്യവും നല്‍കുന്നില്ല; പ്രചാരണം അടിസ്ഥാനരഹിതമെന്ന് മുഖ്യമന്ത്രി
Kerala

മദ്രസാ അധ്യാപകർക്കായി ഒരു ആനുകൂല്യവും നല്‍കുന്നില്ല; പ്രചാരണം അടിസ്ഥാനരഹിതമെന്ന് മുഖ്യമന്ത്രി

Web Desk
|
28 July 2021 4:52 AM GMT

തെറ്റിദ്ധാരണയുണ്ടാക്കാന്‍ വര്‍ഗീയ ശക്തികള്‍ ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.

മദ്രസയുമായി ബന്ധപ്പെട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ചില വർഗ്ഗീയ ശക്തികൾ ശ്രമം നടത്തുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. അനർഹമായത് എന്തോ മദ്രസാ അധ്യാപകർ വാങ്ങുന്നു എന്ന രീതിയിലാണ് പ്രചാരണം. ഇത് അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മദ്രസാ അധ്യാപകർക്കായി സർക്കാർ ഒരു ആനുകൂല്യവും നൽകുന്നില്ല. അവർക്കായി ക്ഷേമനിധി ഏർപ്പെടുത്തിയിട്ടുണ്ട്. ക്ഷേമനിധിയിൽ അംഗമായ ഓരോ അധ്യാപകനും 50 രൂപ വീതവും ക്ഷേമനിധി കമ്മിറ്റി 50 രൂപ വീതവും അംശാദായം അടക്കേണ്ടതാണ്. ക്ഷേമനിധിയുടെ സുഗമമായ പ്രവർത്തനത്തിനും ക്ഷേമ പ്രവർത്തനം നടപ്പാക്കാനും സംസ്ഥാന ബജറ്റിൽ വകയിരുത്തിയിട്ടുള്ള ഗ്രാന്‍റിൽ നിന്നും കോർപസ് ഫണ്ടായി സർക്കാർ തുക അനുവദിക്കുന്നുണ്ട്.

പലിശരഹിത നിക്ഷേപമായ ഈ ഫണ്ട് ഇൻഷുറൻസ് പ്രീമിയം, സേവന ചാർജ്, വിരമിക്കുന്ന അംഗങ്ങൾക്കുള്ള തുക, സർക്കാർ അംഗീകരിക്കുന്ന മറ്റ് ചെലവുകൾ എന്നിവ നിറവേറ്റാൻ ഉപയോഗിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിയമസഭയില്‍ ടി.വി. ഇബ്രാഹിമിന്‍റെ ചോദ്യത്തിനാണ് മുഖ്യമന്ത്രിയുടെ മറുപടി. അതേസമയം, മദ്രസ ക്ഷേമനിധി ബോർഡിൽ ആവശ്യത്തിലേറെ അംഗങ്ങളും സൗകര്യങ്ങളും നൽകിയതാണ് തെറ്റിദ്ധാരണ പരത്താൻ കാരണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇത് പരിശോധിക്കാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Similar Posts