Kerala
അവരുടെ ത്യാഗത്തിന് മുന്നിൽ കേരളം ഒന്നടങ്കം കടപ്പെട്ടിരിക്കുന്നു സിസ്റ്റർ ലിനിയുടെ ഓർമദിനത്തിൽ മുഖ്യമന്ത്രി
Kerala

'അവരുടെ ത്യാഗത്തിന് മുന്നിൽ കേരളം ഒന്നടങ്കം കടപ്പെട്ടിരിക്കുന്നു' സിസ്റ്റർ ലിനിയുടെ ഓർമദിനത്തിൽ മുഖ്യമന്ത്രി

Web Desk
|
21 May 2021 6:24 AM GMT

നിപ്പ വൈറസ് ബാധിച്ചവരെ ശുശ്രൂഷിക്കുന്നതിനിടെ രോ​ഗം ബാധിച്ച് മരിച്ച സിസ്റ്റർ ലിനിയെ അനുസ്മരിച്ച് മുഖ്യമന്ത്രിയുടെ കുറിപ്പ്. ലിനിയുടെ മൂന്നാം ചരമ വാർഷിക ദിനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക് കുറിപ്പിലൂടെ ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മാതൃകയായ ലിനിയുടെ സ്മരണകൾ പങ്കുവെച്ചത്.

നിപ്പാ മഹാമാരിയ്ക്കു മുൻപിൽ ഭയചകിതരായി നിന്ന ഒരു ജനതയ്ക്ക് തൻ്റെ ത്യാഗത്തിലൂടെ ധൈര്യം പകരുകയാണ് സിസ്റ്റർ ലിനി ചെയ്തതെന്ന് പിണറായി വിജയൻ പറഞ്ഞു. പിന്നീട് കേരളം നേരിട്ട ഓരോ ആപൽഘട്ടങ്ങളേയും ഓരോരുത്തരും മറ്റുള്ളവർക്ക് വേണ്ടി നിലകൊണ്ടുകൊണ്ടാണ് സംസ്ഥാനം മറികടന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

സിസ്റ്റർ ലിനിയുടെ ഓർമ്മകൾ കോവിഡിനെതിരെ നമ്മൾ പോരാടുന്ന ഈ കാലത്ത് കൂടുതൽ പ്രസക്തമാവുകയാണെന്ന് മുഖ്യമന്ത്രി ഓർമ്മപ്പെടുത്തി. അനേകായിരങ്ങൾ ഈ നാടിനു വേണ്ടി, ഇവിടുത്തെ മനുഷ്യരുടെ ജീവനു വേണ്ടി സ്വജീവതത്തേക്കാൾ വില നൽകി പ്രവർത്തിക്കുകയാണ്. സിസ്റ്റർ ലിനി ആ പോരാട്ടത്തിൻ്റെ ഉദാത്തമായ പ്രതീകമാവുകയാണ്. അവരുടെ സ്ഥൈര്യത്തിനും ത്യാഗത്തിനും കേരളം ഒന്നടങ്കം കടപ്പെട്ടിരിക്കുന്നു. മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. 2018 മെയ് 21ന് കോഴിക്കോട് ഗവ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചായിരുന്നു ലിനിയുടെ മരണം.

മുഖ്യമന്ത്രിയുടെ ഫേസ്ബുക് കുറിപ്പ്

അസാധാരണമായ പ്രതിസന്ധികളെ മാനവരാശി മറികടക്കുന്നത് മനുഷ്യരുയർത്തുന്ന അസാമാന്യമായ പോരാട്ടങ്ങളിലൂടെയാണ്. സ്വജീവതത്തേക്കാൾ വലുതാണ് തൻ്റെ നാടിൻ്റെ സുരക്ഷയും അതിജീവനവുമെന്നു കരുതുന്ന അവരുടെ ത്യാഗോജ്ജ്വലമായ ജീവിതം സമൂഹത്തെ ഒറ്റക്കെട്ടായി നിന്നു പോരാടാൻ പ്രചോദിപ്പിക്കും. അതുവരെയില്ലാത്ത ഊർജ്ജവും ധീരതയും ദിശാബോധവും നമുക്ക് കൈവരും.

അത്തരത്തിൽ, നിപ്പാ മഹാമാരിയ്ക്കു മുൻപിൽ ഭയചകിതരായി നിന്ന ഒരു ജനതയ്ക്ക് തൻ്റെ ത്യാഗത്തിലൂടെ ധൈര്യം പകരുകയാണ് സിസ്റ്റർ ലിനി ചെയ്തത്. പിന്നീട് കേരളം നേരിട്ട ഓരോ ആപൽഘട്ടങ്ങളേയും ഓരോരുത്തരും മറ്റുള്ളവർക്ക് വേണ്ടി നിലകൊണ്ടുകൊണ്ടാണ് നമ്മൾ മറികടന്നത്. ആ ത്യാഗബോധവും ധീരതയും കേരളത്തെ ലോകത്തിനു തന്നെ മാതൃകയാക്കി മാറ്റി.

സിസ്റ്റർ ലിനിയുടെ ഓർമ്മകൾ കോവിഡിനെതിരെ നമ്മൾ പോരാടുന്ന ഈ കാലത്ത് കൂടുതൽ പ്രസക്തമാവുകയാണ്. അനേകായിരങ്ങൾ ഈ നാടിനു വേണ്ടി, ഇവിടത്തെ മനുഷ്യരുടെ ജീവനു വേണ്ടി സ്വജീവതത്തേക്കാൾ വില നൽകി പ്രവർത്തിക്കുകയാണ്. സിസ്റ്റർ ലിനി ആ പോരാട്ടത്തിൻ്റെ ഉദാത്തമായ പ്രതീകമാവുകയാണ്. അവരുടെ സ്ഥൈര്യത്തിനും ത്യാഗത്തിനും കേരളം ഒന്നടങ്കം കടപ്പെട്ടിരിക്കുന്നു. ലിനിയുടെ ഓർമ്മകൾ മുൻപിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.

Similar Posts