Kerala
Pinarayi Vijayan, Islamophobia

Pinarayi Vijayan

Kerala

'വെറുപ്പിനെതിരെ അനുകമ്പയുടെ ജ്വാല തെളിയിക്കണം'; ഇസ്‌ലാമോഫോബിയക്കെതിരെ മുഖ്യമന്ത്രി

Web Desk
|
15 March 2023 12:53 PM GMT

ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിനായി പൊരുതാൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ആഹ്വാനം ചെയ്തു

തിരുവനന്തപുരം: യു.എൻ നേതൃത്വത്തിൽ ആചരിക്കുന്ന ലോക ഇസ്ലാമോഫോബിയ വിരുദ്ധ ദിനത്തിൽ സന്ദേശം പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ട്വിറ്ററിലാണ് മുഖ്യമന്ത്രി ഇസ്‌ലാമോഫോബിയക്കെതിരെയുള്ള സന്ദേശം പങ്കുവെച്ചത്. ലോകമുസ്ലിംകൾക്കെതിരായ അസഹിഷ്ണുതയുടെയും കുറ്റകൃത്യങ്ങളുടെയും അസ്വസ്ഥജനകമായ വർധനവ് ഓർമിപ്പിക്കുന്നതാണ് യുഎന്നിന്റെ അന്താരാഷ്ട്ര ഇസ്ലാമോഫോബിയ പ്രതിരോധ ദിനമെന്നും ഇതിനെതിരെ പ്രവർത്തിക്കാനുള്ള ശക്തമായ ആഹ്വാനമാണിതെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഇരുട്ടിനെ നാം ഒറ്റക്കെട്ടായി അനുകമ്പയുടെയും സഹാനുഭൂതിയുടെയും ജ്വാല തെളിയിച്ച് പ്രകാശിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിനായി പൊരുതാൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ആഹ്വാനം ചെയ്തു. ചരിത്രം ന്യൂനപക്ഷങ്ങൾക്കെതിരായ നിന്ദ്യമായ വിവേചനത്തിന്റെതും അടിച്ചമർത്തലിന്റെതുമാണെന്നും അത് ഇപ്പോഴും മാനവരാശിക്കുമേൽ ഒരു കളങ്കമായി നിലനിൽക്കുകയാണെന്നും സ്റ്റാലിൻ ട്വിറ്ററിൽ കുറിച്ചു.

''ചരിത്രം ന്യൂനപക്ഷങ്ങൾക്കെതിരായ നിന്ദ്യമായ വിവേചനത്തിന്റെതും അടിച്ചമർത്തലിന്റെതുമാണ്. അത് ഇപ്പോഴും മാനവരാശിക്ക് മേൽ ഒരു കളങ്കമായി അവശേഷിക്കുകയാണ്. ലോക ഇസ്ലാമോഫോബിയ വിരുദ്ധ ദിനത്തിൽ ന്യൂനപക്ഷങ്ങൾക്കെതിരായ വ്യവസ്ഥാപിതമായ അടിച്ചമർത്തലിനെതിരെയും അവരുടെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കാനും നമുക്ക് പ്രതിജ്ഞയെടുക്കാം''-സ്റ്റാലിൻ ട്വീറ്റ് ചെയ്തു.

മുസ്ലിംകൾക്കെതിരായ അതിക്രമങ്ങൾ ചെറുക്കുന്നതിന്റെ ഭാഗമായി ഐക്യരാഷ്ട്ര സഭയാണ് മാർച്ച് 15ന് അന്താരാഷ്ട്ര ഇസ്ലാമോഫോബിയ വിരുദ്ധ ദിനമായി ആചരിക്കാൻ തീരുമാനിച്ചത്. ഇസ്ലാമോഫോബിയ വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി യു.എൻ ആസ്ഥാനത്ത് പ്രത്യേക ചടങ്ങുകൾ നടക്കും. സഹിഷ്ണുത, സമാധാനം, മനുഷ്യാവകാശങ്ങൾ, മത വൈവിധ്യങ്ങൾ എന്നിവയോടുള്ള ആദരവ് പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യേക സംവാദങ്ങൾ സംഘടിപ്പിക്കാനും യു.എൻ തീരുമാനിച്ചിരുന്നു.

Chief Minister Pinarayi Vijayan shared the message on the World Anti-Islamophobia Day observed by the UN.

Similar Posts