അന്തസ്സും അഭിമാനവും ഉണ്ടെങ്കിൽ പിണറായി രാജി വെക്കണം: കെ.സുധാകരന്‍
|'കഴിഞ്ഞ കാലത്തെ രാഷ്ട്രീയ ചരിത്രത്തെ തിരുത്തിക്കുറിച്ചുകൊണ്ടാണ് മുഖ്യമന്ത്രി ഇത്രയും നാൾ ഒരുമണ്ഡലത്തിൽ ക്യാമ്പ് ചെയ്ത് പ്രചാരണത്തിന് നേതൃത്വം കൊടുത്തത്'
കണ്ണൂർ: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ സർക്കാരിന്റെ വിലയിരുത്തലിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ പരാജയപ്പെട്ടെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ. ക്യാപ്റ്റൻ നിലം പരിശായെന്നും കേരളത്തിന്റെ ജനഹിതത്തിന്റെ പ്രതിഫലനം ആണ് തൃക്കാക്കരയിൽ കണ്ടതെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.
'ജനഹിതം മാനിച്ച് മുഖ്യമന്ത്രി രാജി വെക്കണം. തൃക്കാക്കരയിൽ ക്യാമ്പ് ചെയ്താണ് മുഖ്യമന്ത്രി പ്രചാരണം നയിച്ചത്. അന്തസ്സും അഭിമാനവും ഉണ്ടെ ങ്കിൽ പിണറായി രാജി വെക്കണം'. കെ റെയിൽ വേണ്ടന്ന പ്രഖ്യാപനം കൂടിയാണ് തൃക്കാക്കര ഫലമെന്നും അദ്ദേഹം പറഞ്ഞു.
'കഴിഞ്ഞ കാലത്തെ രാഷ്ട്രീയ ചരിത്രത്തെ തിരുത്തിക്കുറിച്ചുകൊണ്ടാണ് ഒരു മുഖ്യമന്ത്രി ഇത്രയും നാൾ ഒരുമണ്ഡലത്തിൽ ക്യാമ്പ് ചെയ്ത് പ്രചാരണത്തിന് നേതൃത്വം കൊടുത്തത്. എന്നിട്ടും ദയനീയമായി ഒരു റൗണ്ടിൽ പോലും ലീഡുയർത്താൻ സാധിക്കാതെ തോറ്റ് പോയി. ഈ ജനവികാരത്തോട് മുഖ്യമന്ത്രി പ്രതികരിക്കണെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ രംഗത്ത് ഇന്നുവരെ ചെയ്യാത്ത തെരഞ്ഞെടുപ്പ് ധൂർത്താണ് തൃക്കാക്കരയില്‍ കണ്ടത്. 'കോടികൾ ചെലവഴിച്ച് ജനങ്ങളെ വിലയ്‌ക്കെടുക്കുന്ന നടപടിയാണ് തൃക്കാക്കരയിൽ എൽ.ഡി.എഫ് ചെയ്തത്. ഇതിനിടയിൽ കള്ളവോട്ട് ചെയ്തു. കണ്ണൂരിൽ നിന്ന് പോലും കള്ളവോട്ട് ചെയ്യാൻ ആളുകൾ പോയി. തൃക്കാക്കരയിൽ ഇല്ലാത്തവരുടെ വോട്ടുകൾ ചെയ്തിട്ടുണ്ടെങ്കിൽ അത് എൽ.ഡി.എഫാണ്. കള്ളവോട്ട് ചെയ്തിട്ടുപോലും ഇതാണ് ഫലമെങ്കിൽ കള്ളവോട്ട് ചെയ്യാതിരുന്നെങ്കിൽ ഈ തെരഞ്ഞെടുപ്പ് ഫലം എവിടെയത്തുമായിരുന്നുവെന്നും സുധാകരൻ പറഞ്ഞു.