റിയാസ് മൗലവി വധം: ഏഴുകൊല്ലം പ്രതികൾക്ക് ജാമ്യം കിട്ടാതെ നോക്കിയത് പിണറായി വിജയൻ -കെ.ടി. ജലീൽ
|‘വിധിക്കെതിരെ അപ്പീൽ പോകാൻ സർക്കാർ നടപടി സ്വീകരിക്കുമെന്നാണ് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളിൽ നിന്ന് അറിഞ്ഞത്’
കോഴിക്കോട്: റിയാസ് മൗലവി വധക്കേസിലെ പ്രതികൾക്ക് കഴിഞ്ഞ ഏഴുകൊല്ലത്തിനിടെ ഒരു ദിവസം പോലും ജാമ്യം കിട്ടാതെ നോക്കിയത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ഡോ. കെ.ടി. ജലീൽ എം.എൽ.എ. പ്രതികളെ വെറുതെ വിട്ടത് ഞെട്ടിക്കുന്ന വിധിയാണെന്ന് ചൂണ്ടിക്കാട്ടി കെ.ടി. ജലീൽ ഫേസ്ബുക്കിലിട്ട പോസ്റ്റിന് താഴെ വന്ന കമന്റിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ‘കഴിഞ്ഞ ഏഴുകൊല്ലം ഒരു ദിവസം പോലും പ്രതികൾക്ക് ജാമ്യം കിട്ടാതെ നോക്കിയത് പിണറായി തന്നെയാണ്. അദ്ദേഹത്തിൻ്റെ ദീർഘായുസ്സിന് വേണ്ടി പ്രാർത്ഥിച്ചോളൂ’ -എന്നായിരുന്നു കെ.ടി. ജലീലിന്റെ കമന്റ്.
സംസ്ഥാന സർക്കാറും അന്വേഷണ ഏജൻസിയായ ക്രൈംബ്രാഞ്ചും റിയാസ് മൗലവിയുടെ ബന്ധുക്കളും ആക്ഷൻ കമ്മിറ്റിയും പബ്ലിക് പ്രോസിക്യൂട്ടറും കുറ്റവാളികൾ ഉറപ്പായും ശിക്ഷിക്കപ്പെടുമെന്ന് പ്രതീക്ഷിച്ച കേസിലാണ് നേർവിപരീത വിധി വന്നതെന്ന് കെ.ടി. ജലീൽ ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി. പ്രതികൾ വെറുതെ വിടപ്പെട്ടത് അത്യന്തം ദുരൂഹമാണെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ഞെട്ടിക്കുന്ന വിധി! നട്ടുച്ചക്ക് ഇരുട്ടായപോലെ!!
സുവ്യക്തമായ തെളിവുകളുണ്ടായിട്ടും റിയാസ് മൗലവിയുടെ ഘാതകരെ വെറുതെ വിട്ടത് കേട്ടവരെയെല്ലാം ഞെട്ടിച്ചിരിക്കും. സംസ്ഥാന സർക്കാരും, അന്വേഷണ ഏജൻസിയായ ക്രൈംബ്രാഞ്ചും, റിയാസ് മൗലവിയുടെ ബന്ധുക്കളും, ആക്ഷൻ കമ്മിറ്റിയും പബ്ലിക്ക് പ്രോസിക്യൂട്ടറും കുറ്റവാളികൾ ഉറപ്പായും ശിക്ഷിക്കപ്പെടുമെന്ന് പ്രതീക്ഷിച്ച കേസിലാണ് നേർവിപരീത വിധി വന്നത്. സ്ഥിതിഗതികൾ ആശങ്കാജനകമാണ്.
97 സാക്ഷികൾ ഉൾപ്പടെ, റിയാസ് മൗലവിയുടെ വസ്ത്രത്തിൽ പുരണ്ട രക്തം DNA ടെസ്റ്റിന് വിധേയമാക്കി അത് പ്രതികളുടേതാണെന്ന് കണ്ടെത്തിയ റിപ്പോർട്ട് അടക്കം, ഇരുനൂറിലധികം രേഖകളാണ് പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നത്. ഒരൊറ്റ സാക്ഷി പോലും കൂറുമാറാത്ത അത്യപൂർവ്വ കേസ്. ഇക്കാര്യങ്ങളെല്ലാം വഴിക്കുവഴി പ്രോസിക്യൂഷൻ ശക്തമായി ചൂണ്ടിക്കാണിച്ചിട്ടും പ്രതികൾ വെറുതെ വിടപ്പെട്ടത് അത്യന്തം ദുരൂഹമാണ്. ബ്യൂറോക്രസി വർഗീയവൽക്കരിക്കപ്പെടുന്നത് മനസ്സിലാക്കാം. എന്നാൽ നീതിന്യായ വ്യവസ്ഥിതിയെ വർഗീയപ്രേതം പിടികൂടിയാൽ ഉണ്ടാകുന്ന വിപത്ത് ഭയാനകമാകും.
ജാമ്യം കിട്ടാതെ ഡൽഹി ഉപമുഖ്യമന്ത്രി സിസോദി തിഹാർ ജയിലിൽ കിടക്കുന്നതും, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിക്കാതിരുന്നതും, യു.പിയിലെ ബദറുദ്ദീൻ ഷാ ദർഗ്ഗ മഹാഭാരതത്തിലെ അരക്കില്ലമാണെന്ന് പറഞ്ഞ് അവിടെ പൂജക്ക് അനുമതി നൽകിയതും, കാസർഗോട്ടെ മദ്രസ്സയിൽ കിടന്നുറങ്ങുകയായിരുന്ന റിയാസ് മൗലവിയെ വെട്ടിക്കൊലപ്പെടുത്തിയ നരാധമന്മാരെ വെറുതെ വിട്ടതും ചേർത്തുവായിച്ചാൽ വർത്തമാന ഇന്ത്യയുടെ വ്യക്തമായ ചിത്രം കിട്ടും.
മതം നോക്കി പൗരത്വം നിശ്ചയിക്കും പോലെ വധിക്കപ്പെട്ടവരുടെയും കൊലപാതകികളുടെയും പേരുനോക്കി ശിക്ഷിക്കുകയും രക്ഷിക്കുകയും ചെയ്യുന്ന സമ്പ്രദായവും നാട്ടിൽ നിലവിൽ വന്നോ? കീഴ്ക്കോടതി വിധിക്കെതിരെ മേൽക്കോടതിയിൽ അപ്പീൽ പോകാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കുമെന്നാണ് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളിൽ നിന്ന് അറിഞ്ഞത്.
സംസ്ഥാന ക്രൈം ബ്രാഞ്ചിലെ ഏറ്റവും പ്രഗത്ഭനായ ഉദ്യോഗസ്ഥൻ ഡോ: ശ്രീനിവാസൻ്റെ മേൽനോട്ടത്തിൽ നടന്ന പഴുതടച്ച അന്വേഷണത്തിൽ റിയാസ് മൗലവിയുടെ ബന്ധുക്കളും ആക്ഷൻ കമ്മിറ്റി ഭാരവാഹികളും സമ്പൂർണ്ണതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഏഴ് വർഷത്തിനുള്ളിൽ ഹൈക്കോടതിയിൽ ഉൾപ്പെടെ പല തവണ ജാമ്യത്തിന് ശ്രമിച്ചിട്ടും, സർക്കാർ ഇടപെടലിനെ തുടർന്ന് ഒരൊറ്റ ദിവസം പോലും പ്രതികൾക്ക് ജാമ്യത്തിന് അർഹതയില്ലെന്ന് നീതിപീഠം വിധിച്ച അത്യപൂർവമായ കേസാണ് നഗ്നമായി അട്ടിമറിക്കപ്പെട്ടത്.
ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പ്രതിയായ കോഴക്കേസിലും സമാന അട്ടിമറി നടന്നാൽ ആരും അൽഭുതപ്പെടേണ്ടതില്ല. ഇതേ ആളുകളാണ് അതിലും തീർപ്പു കൽപ്പിക്കേണ്ടത്. നീതി തേടുന്നവൻ്റെ അവസാന അഭയകേന്ദ്രവും മതാന്ധവൽക്കരിക്കപ്പെടുമ്പോൾ ന്യായത്തിൻ്റെ നീരുറവ തേടി സാധാരണ മനുഷ്യർ എവിടെപ്പോകും?