ലോക്സഭാ തെരഞ്ഞെടുപ്പ്: മുഖ്യമന്ത്രിയുടെ നിലപാട് തോൽവിക്ക് കാരണമായി: തോമസ് ചാഴികാടൻ
|സി പി എം വോട്ടുകളിലെ ചോർച്ച അന്വേഷിക്കണമെന്നും ചാഴികാടൻ
കോട്ടയം: ലോക്സഭ തെരഞ്ഞടുപ്പിൽ എൽ ഡിഎഫിന്റെ തോൽവിക്ക് മുഖ്യമന്ത്രിയുടെ നിലപാടുകളും കാരണമായെന്ന് കേരള കോൺഗ്രസ് മാണിവിഭാഗം നേതാവ് തോമസ് ചാഴികാടൻ. പാലായിൽ നടന്ന നവ കേരള സദസ്സിലെ ശകാരം അടക്കം തിരിച്ചടിയായി.
സി പി എം വോട്ടുകളിലെ ചോർച്ച അന്വേഷിക്കണമെന്നും ചാഴികാടൻ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് അവലോകനം ചെയ്യാനായി ചേർന്ന കേരള കോൺഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലായിരുന്നു വിമർശനം. തിരുത്തലുകൾ അനിവാര്യമാണെന്ന് പറഞ്ഞായിരുന്നു ചാഴികാടൻ ചർച്ച അവസാനിപ്പിച്ചത്.
തോൽവിയിൽ മുഖ്യമന്ത്രിയെ മാത്രം പഴിചാരുന്നത് ശരിയല്ലെന്നായിരുന്നു യോഗത്തിൽ ജോസ് കെ മാണിയുടെ നിലപാട്. ഘടകകക്ഷികൾക്കും കൂട്ടുത്തരവാദിത്തം ഉണ്ടെന്ന് ജോസ് കെ. മാണി പറഞ്ഞു.
പാലായിൽ നടന്ന നവകേരള സദസിലാണ് മുഖ്യമന്ത്രി ചാഴികാടനെ വിമർശിച്ചത്. സദസിന്റെ ഉദ്ദേശ്യം ചാഴികാടന് മനസിലായില്ല. ഇത് പരാതി സ്വീകരിക്കലാണ് പരാതി പറയൽ ചടങ്ങല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.