Kerala
മുഹമ്മദിന്‍റെ മരുന്നിന് ഇറക്കുമതി നികുതിയിളവ് നൽകണം: പ്രധാനമന്ത്രിക്ക് പിണറായി വിജയന്‍റെ കത്ത്
Kerala

മുഹമ്മദിന്‍റെ മരുന്നിന് ഇറക്കുമതി നികുതിയിളവ് നൽകണം: പ്രധാനമന്ത്രിക്ക് പിണറായി വിജയന്‍റെ കത്ത്

Web Desk
|
9 July 2021 5:19 AM GMT

അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യേണ്ട മരുന്നിന് 18 കോടി രൂപയോളം ചെലവ് വരുന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിനോട് കേരളം ഇറക്കുമതി നികുതിയില്‍ ഇളവ് അഭ്യർത്ഥിച്ചത്.

സ്പൈനൽ മസ്കുലർ അട്രോഫി എന്ന അപൂർവ ജനിതക രോഗം ബാധിച്ച ഒന്നര വയസ്സുകാരൻ മുഹമ്മദിന് ആവശ്യമായ മരുന്നിന്‍റെ ഇറക്കുമതി തീരുവയിൽ ഇളവ് അഭ്യർത്ഥിച്ച് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍റെ കത്ത്. അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യേണ്ട മരുന്നിന് 18 കോടി രൂപയോളം ചെലവ് വരുന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിനോട് കേരളം ഇറക്കുമതി നികുതിയില്‍ ഇളവ് അഭ്യർത്ഥിച്ചത്. മുമ്പ് സമാനമായ സാഹചര്യത്തിൽ മുംബൈ സ്വദേശിയായ ഒരു കുട്ടിയുടെ ചികിത്സയ്ക്ക് കേന്ദ്ര സർക്കാർ ഇളവ് നൽകിയ കാര്യവും മുഖ്യമന്ത്രി കത്തിൽ ഓർമ്മിപ്പിച്ചു.

സ്പൈനൽ മസ്കുലർ അട്രോഫി (എസ്.എം.എ) ചികിത്സക്ക് പ്രധാനമായും ഉപയോ​ഗിക്കുന്ന സോള്‍ജെന്‍സ്മ എന്ന മരുന്നിന്‍റെ ഒരു ഡോസിന് ഇന്ത്യയിൽ പതിനെട്ട് കോടി രൂപയാണ് വില. ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന മരുന്നിന് ആറ് കോടിയോളം രൂപയാണ് കേന്ദ്ര സർക്കാർ നികുതിയായി മാത്രം ഈടാക്കുന്നത്. ഈ നികുതി മാത്രം ഒഴിവാക്കുകയാണെങ്കില്‍ തന്നെ മരുന്നിന്‍റെ വില രണ്ടിലൊന്നായി കുറയും. നേരത്തെ മഹാരാഷ്ട്രയിലെ ആറ് മാസം പ്രായമായ ടീരാ കമ്മത്ത് എന്ന കുഞ്ഞിന് വേണ്ടി കേന്ദ്ര സർക്കാർ ആറ് കോടി രൂപയുടെ ഇറക്കുമതി നികുതി ഒഴിവാക്കി നല്‍കിയിരുന്നു. സമാനമായി മറ്റ് ചില കേസുകളിലും കേന്ദ്രസർക്കാർ നികുതി ഒഴിവാക്കി നൽകിയിട്ടുണ്ട്. എന്നാൽ നികുതി ഇളവ് ലഭിക്കാത്ത നിരവധി കേസുകളും രാജ്യത്തുണ്ട്.

മുഖ്യമന്ത്രിയുടെ ഫേസ്ബുക് പോസ്റ്റ്

സ്പൈനൽ മസ്കുലർ അട്രോഫി എന്ന അപൂർവ ജനിതക രോഗം ബാധിച്ച കണ്ണൂർ സ്വദേശിയായ ഒന്നര വയസ്സുകാരൻ മുഹമ്മദിന് ആവശ്യമായ മരുന്നിന്റെ ഇറക്കുമതി തീരുവയിൽ ഇളവ് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചു. മുമ്പ് സമാനമായ സാഹചര്യത്തിൽ മുംബൈ സ്വദേശിയായ ഒരു കുട്ടിയുടെ ചികിത്സയ്ക്ക് കേന്ദ്ര സർക്കാർ ഇളവ് നൽകിയ കാര്യം കത്തിൽ ഓർമ്മിപ്പിച്ചു. അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യേണ്ട മരുന്നിന് 18 കോടി രൂപയോളം ചെലവ് വരുന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിന്റെ സഹായം അഭ്യർത്ഥിച്ചത്.

18 കോടിയുടെ മരുന്ന്; എന്തുകൊണ്ടാണ് ഈ മരുന്ന് ഇത്ര വിലയേറിയതായത്?

എന്തുകൊണ്ടാണ് ഈ മരുന്ന് ഇത്ര വില എന്നതിനുള്ള വിശദീകരണവുമായി ഡോക്ടര്‍മാരുടെ കൂട്ടായ്മയായ ഇന്‍ഫോക്ലിനിക്ക് രം​ഗത്തുവന്നിരുന്നു. ഇന്‍ഫോ ക്ലിനിക്കിന്‍റെ ഫെയ്സ് ബുക്ക് പേജിലാണ് ഇത് സംബന്ധിച്ചുള്ള വിശദമായ കുറിപ്പ് പങ്കുവെച്ചിട്ടുള്ളത്.സോള്‍ജെന്‍സ്മ എന്ന മരുന്ന ഒറ്റത്തവണ ഞരമ്പില്‍ കുത്തിവെക്കേണ്ടുന്ന മരുന്നാണ്. രണ്ട് വര്‍ഷമായിട്ടേ ഉള്ളൂ ഇത് കണ്ടുപിടിച്ചിട്ട്. രണ്ട് വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍ക്കാണ് ഇത് നല്‍കുന്നത്. അമേരിക്കയിലെ എഫ്ഡിഎ അംഗീകരിച്ച മരുന്നുകളില്‍ ഏറ്റവും വിലയേറിയതാണ് ഇത് എന്നും കുറിപ്പില്‍ പറയുന്നു.

കേരളത്തില്‍ നൂറിലധികം എസ്.എം.എ ബാധിതരായ കുട്ടികളുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. കര്‍ണാടകയില്‍ 200ലധികം കുട്ടികള്‍ക്ക് രോഗബാധയുള്ളതായി നേരത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രാജ്യത്ത് എസ്.എം.എ ബാധിച്ച കുട്ടികൾക്ക് മരുന്നെത്തിക്കാൻ വിവിധ സംഘടനകള്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കിലും സര്‍ക്കാരിന്‍റെ ഔദ്യോഗിക ഇടപെടല്‍ ഇതുവരെയുണ്ടായിട്ടില്ല. ചുരുക്കം ചില കേസുകളിൽ മാത്രമാണ് മരുന്നിന് നികുതിയിളവ് ലഭിക്കുന്നത്. ഈ ഇളവ് എസ്.എം.എ ബാധിച്ച എല്ലാ കുട്ടികൾക്കും ലഭ്യമാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.

Similar Posts