''പിണറായിയുടെ മക്കൾക്ക് വലിയ ബിസിനസ്, പി. ജയരാജന്റെ മകൻ ഓട്ടോ ഓടിക്കുന്നു.. ഏതാണ് ശരിയായ കമ്മ്യൂണിസം?''- പി.സി ജോർജ്
|''പി. ജയരാജനു വേണമെങ്കിൽ സഹകരണ ബാങ്കിൽ മക്കളെ കയറ്റാമായിരുന്നില്ലേ? അദ്ദേഹം അത് ചെയ്തില്ല.''
കോട്ടയം: പിണറായി വിജയന്റെ മക്കൾക്ക് വലിയ ബിസിനസാണെന്നും എന്നാൽ പി. ജയരാജന്റെ മക്കൾ ഓട്ടോ ഓടിച്ചും കട്ടക്കമ്പനിയിൽ ജോലി ചെയ്തുമാണ് കുടുംബം പുലർത്തുന്നതെന്നും പി.സി ജോർജ്. ഇതിൽ ഏതാണ് ശരിയായ കമ്മ്യൂണിസമെന്ന് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ചർച്ച ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
''പി. ജയരാജൻ മലബാറിലെ സി.പി.എമ്മിന്റെ എതിർപ്പില്ലാത്ത നേതാവായിരുന്നു. അദ്ദേഹത്തിന് മക്കളുണ്ട്. അവർ എവിടെ? പിണറായി വിജയനും മക്കളുണ്ട്. അവർ എവിടെ? പിണറായിയുടെ മകൻ ദുബൈയിൽ. എന്താണ് ബിസിനസ്? സാമ്പത്തിക സ്ഥാപനത്തിന്റെ ഇടപാടുമായി ദുബൈയിൽ താമസിക്കുന്നു. മകൾ ഇപ്പോൾ കൂട്ടത്തിലുണ്ട്. ബിസിനസാണെന്ന് നമുക്ക് അറിയാം. സാമ്പത്തികമായി വലിയ നിലയിലാണ്.''-പി.സി ജോർജ് പറഞ്ഞു.
പി. ജയരാജന്റെ മക്കളോ? അദ്ദേഹത്തിനു വേണമെങ്കിൽ സഹകരണ ബാങ്കിൽ മക്കളെ കയറ്റാമായിരുന്നില്ലേ? അദ്ദേഹം അത് ചെയ്തില്ല. കമ്മ്യൂണിസവും കമ്മ്യൂണിസത്തിന്റെ മാന്യതയുമാണത്. ഒരാൾ ഓട്ടോ ഓടിക്കുകയാണ്. ഓട്ടോ ഓടിച്ച് കുടുംബം പുലർത്തുകയാണ്. ഒരു കമ്മ്യൂണിസ്റ്റുകാരന്റെ, ജയരാജന്റെ മകനാണെന്ന് ഓർക്കണം. പറയാൻ പോലും ദുഃഖമുണ്ട്. ഒരു മകൻ കട്ടക്കമ്പനിയിൽ ചുമട്ടുകാരനാണ്. അവിടെ ദിവസക്കൂലിക്കാരനായി ജോലി ചെയ്യുകയാണ്-അദ്ദേഹം ചൂണ്ടിക്കാട്ടി.
അതാണ് കമ്മ്യൂണിസം. ഇതും കമ്മ്യൂണിസം അതും കമ്മ്യൂണിസം. ഏതാണ് കമ്മ്യൂണിസം? കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തകർ ചർച്ച ചെയ്യാൻ വേണ്ടിയാണ് ഞാനിത് പറയുന്നത്. വേറെ ആർക്കും വേണ്ടിയല്ല. പി. ജയരാജന്റെ കമ്മ്യൂണിസമാണോ പിണറായി വിജയന്റെ കമ്മ്യൂണിസമാണോ ശരിയെന്ന് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ചർച്ച ചെയ്യണം എന്നുകൂടി ഞാൻ ആവശ്യപ്പെടുകയാണെന്നും പി.സി ജോർജ് കൂട്ടിച്ചേർത്തു.
Summary: ''Pinarayi Vijayan's son and daughter have big businesses while P. Jayarajan's son is supporting his family by driving an auto.. Which is the right communism?'', asks PC George