പിങ്ക് പൊലീസ് കേസ് : ഡി.ജി.പി ക്ഷമ ചോദിച്ചെന്ന് പെൺകുട്ടിയുടെ പിതാവ്
|പെൺകുട്ടിയോട് മാപ്പ് ചോദിച്ചിട്ടില്ലെന്നും പെൺകുട്ടിയെയും പിതാവിനെയും ഡി.ജി.പി നേരിൽ കണ്ടിട്ടില്ലെന്നും ഡി.ജി.പിയുടെ ഓഫിസ് അറിയിച്ചു.
ആറ്റിങ്ങലിൽ പിങ്ക് പോലീസ് പെൺകുട്ടിയെ അപമാനിച്ച കേസിൽ ഡി.ജി.പി. ക്ഷമ ചോദിച്ചുവെന്ന് പെൺകുട്ടിയുടെ പിതാവ്. പെൺകുട്ടിയോടും പിതാവിനോടുമാണ് ഡി.ജി.പി ക്ഷമ ചോദിച്ചത്. കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പ് നൽകിയതായി പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. മുൻപുണ്ടായ പോലീസ് നടപടികളിൽ സംതൃപ്തി ഇല്ലാത്തതിനാലാണ് ഡിജിപിയെ നേരിട്ട് കാണാനെത്തിയതെന്നും പിതാവ് വ്യക്തമാക്കി. എന്നാൽ പെൺകുട്ടിയോട് മാപ്പ് ചോദിച്ചിട്ടില്ലെന്നും പെൺകുട്ടിയെയും പിതാവിനെയും ഡി.ജി.പി നേരിൽ കണ്ടിട്ടില്ലെന്നും ഡി.ജി.പിയുടെ ഓഫിസ് അറിയിച്ചു.
ആറ്റിങ്ങലിൽ ഐ.എസ്.ആർ.ഒയുടെ ഭീമൻ വാഹനം വരുന്നത് കാണാൻ എത്തിയതായിരുന്നു തോന്നയ്ക്കൽ സ്വദേശി ജയചന്ദ്രനും മൂന്നാം ക്ലാസുകാരിയായ മകളും. ഇവർ നിൽക്കുന്നതിന് സമീപത്തായി പിങ്ക് പൊലീസിൻറെ വാഹനവും പാർക്ക് ചെയ്തിരുന്നു. ഇതിനിടെ മൊബൈൽ മോഷ്ടിച്ചെന്ന് ആരോപിച്ച് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ തന്നോടും മകളോടും മോശമായി പെരുമാറിയെന്ന് ജയചന്ദ്രൻ പറയുന്നു.
ഇതിനിടെ പ്രദേശത്തുണ്ടായിരുന്നവരും വിഷയത്തിൽ ഇടപെട്ടു. മൊബൈൽ ഫോൺ പിന്നീട് പൊലീസ് വാഹനത്തിൽ നിന്നും കണ്ടെത്തി.സംഭവത്തിൽ രഹസ്യാന്വേഷണ വിഭാഗമടക്കം അന്വേഷണം നടത്തി പൊലീസിന് റിപ്പോർട്ട് നൽകിയിരുന്നു. തുടര്ന്ന് അന്വേഷണവിധേയമായി പൊലീസ് ഉദ്യോഗസ്ഥ സി.പി. രജിതയെ സ്ഥലംമാറ്റിയിരുന്നു. നേരത്തെ തന്നെ കുട്ടിയുടെ ബന്ധുക്കൾ ബാലാവകാശ കമ്മീഷനടക്കം പരാതി നൽകിയിരുന്നു.
Summary : Pink police case: DGP apologizes