ജോണി നെല്ലൂരിന്റെ നീക്കത്തിന് പിന്നിൽ ഗൂഢലക്ഷ്യം: പി.ജെ ജോസഫ്
|'പാർട്ടി വിട്ടെന്ന നെല്ലൂരിന്റെ കത്ത് ലഭിച്ചിട്ടില്ല'
കോട്ടയം: പാർട്ടി വിട്ട കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് ജോണി നെല്ലൂരിനെതിരെ രൂക്ഷ വിമർശനവുമായി പി.ജെ ജോസഫ്. ജോണി നെല്ലൂരിന്റെ നീക്കത്തിന് പിന്നിൽ ഗൂഢലക്ഷ്യമെന്ന് പി.ജെ ജോസഫ് പറഞ്ഞു.കർഷകരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന പാർട്ടിയാണ് കേരള കോൺഗ്രസ്. പാർട്ടി വിട്ടെന്ന നെല്ലൂരിന്റെ കത്ത് ലഭിച്ചിട്ടില്ലെന്നും പിജെ ജോസഫ് പറഞ്ഞു.
കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം ഡെപ്യൂട്ടി ചെയർമാൻ സ്ഥാനനത്ത് നിന്നും പ്രാഥമിക അംഗത്വത്തിൽ നിന്നുമാണ് ജോണി നെല്ലൂർ രാജിവെച്ച. ജോസഫ് ഗ്രൂപ്പിലെ ഡെപ്യുട്ടി ചെയർമാൻ, യു.ഡി.എഫ് സെക്രട്ടറി സ്ഥാനങ്ങളാണ് ജോണി നെല്ലൂർ വഹിച്ചിരുന്നത്. പദവികൾ രാജി വെച്ച് പി.ജെ ജോസഫിനും വി.ഡി സതീശനും ജോണി കത്ത് നൽകിയെന്നും ജോണി നെല്ലൂർ പറഞ്ഞു. ബി.ജെ.പി സഖ്യത്തിൽ ദേശീയ തലത്തിൽ രൂപീകരിക്കുന്ന ക്രൈസ്തവ പാർട്ടിയുടെ നേതൃത്വത്തിൽ ജോണി ഉണ്ടാകും.
ഈ മാസം 22ന് കൊച്ചിയിൽ പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. സിറോ മലബാർ സഭയിലെ ഉന്നതരുടെ കൂടി പങ്കാളിത്തത്തിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്. സംഘപരിവാർ ബന്ധമുള്ള ഹിന്ദു പാർലമെൻറ് അടക്കം പാർട്ടിയുടെ ഭാഗമാകുമെന്നാണ് വിവരം. 24ന് കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പുതിയ പാർട്ടിയുടെ നേതാക്കൾ കൂടിക്കാഴ്ച നടത്തിയേക്കും.