കൊടകര കുഴൽപ്പണക്കേസില്‍ അന്വേഷണം ഇഴഞ്ഞു നീങ്ങുന്നത് ആരെ സംരക്ഷിക്കാനാണെന്ന് പി.കെ അബ്ദുറബ്ബ്
|സംഭവം നടന്ന് രണ്ടു മാസമായിട്ടും കേസിലെ മുഖ്യ സൂത്രധാരനാരെന്ന് കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ലേയെന്ന് അബ്ദുറബ്ബ് ചോദിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അബ്ദുറബ്ബ് തുറന്നടിച്ചത്
കൊടകര കുഴല്‍പ്പണക്കേസില്‍ അന്വേഷണം ഇഴഞ്ഞു നീങ്ങുന്നത് ആരെ സംരക്ഷിക്കാനാണെന്ന് മുന്‍ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ്. സംഭവം നടന്ന് രണ്ടു മാസമായിട്ടും കേസിലെ മുഖ്യ സൂത്രധാരനാരെന്ന് കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ലേയെന്ന് അബ്ദുറബ്ബ് ചോദിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അബ്ദുറബ്ബ് തുറന്നടിച്ചത്. കൊടകരക്കു പുറമെ കേരളത്തിൽ മറ്റിടങ്ങളിലും ബി.ജെ.പിക്കു വേണ്ടി സമാനമായ ഹവാല പണമിടപാടുകൾ നടന്നിട്ടുണ്ടെന്ന് വാർത്തകൾ വരുമ്പോൾ രണ്ടു മണ്ഡലങ്ങളിലും തോൽക്കാനായി ഉപയോഗിച്ച ഹെലികോപ്റ്ററിലേക്കും കണ്ണൊന്നു പായിച്ചു കൂടെയെന്നും അദ്ദേഹം ചോദിക്കുന്നു.
അതേസമയം കൊടകര കള്ളപ്പണക്കേസിന് പിന്നാലെ ബിജെപിയെ വെട്ടിലാക്കി പുതിയ വിവാദവും തല പൊക്കി. എൻ.ഡി.എയിൽ ചേരാൻ സി.കെ ജാനുവിന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പത്ത് ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്നതാണിപ്പോള് ഉയര്‍ന്ന് കേള്‍ക്കുന്ന പുതിയ ആരോപണം.
ജനാധിപത്യ രാഷ്ട്രീയ പാർട്ടി സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോടുമായുള്ള കെ. സുരേന്ദ്രന്റെ ഫോൺ സംഭാഷണമാണ് പുറത്തായത്. എന്‍.ഡി.എയിലേക്ക് മടങ്ങി വരാന്‍ സി.കെ ജാനുവിന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് പത്ത് ലക്ഷം രൂപയാണ് വാഗ്ദാനം ചെയ്തത്. ജാനു പണം വാങ്ങിയെന്നും ഇതിന് പുറമെ തെരഞ്ഞെടുപ്പ് ചെലവിനായി ലഭിച്ച തുകയും സ്വന്തം കാര്യത്തിന് വകമാറ്റിയെന്നും സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോട് പറയുന്നു. ആരോപണങ്ങള്‍ തെറ്റെന്നും മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും സി.കെ ജാനു പ്രതികരിച്ചു.
ഫേസ്ബക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
''കൊടകര കുഴൽപ്പണക്കേസ്
അന്വേഷണം ഇഴഞ്ഞു നീങ്ങുന്നത്
ആരെ സംരക്ഷിക്കാനാണ്.
രണ്ടു മാസമായിട്ടും കേസിലെ
മുഖ്യ സൂത്രധാരനാരെന്ന് കണ്ടെത്താൻ
അന്വേഷണ സംഘത്തിന്
കഴിഞ്ഞിട്ടില്ലേ...
കൊടകരക്കു പുറമെ കേരളത്തിൽ മറ്റിടങ്ങളിലും ബി.ജെ.പിക്കു വേണ്ടി സമാനമായ ഹവാല പണമിടപാടുകൾ നടന്നിട്ടുണ്ടെന്നും വാർത്തകൾ വരുമ്പോൾ രണ്ടു മണ്ഡലങ്ങളിലും തോൽക്കാനായി ഉപയോഗിച്ച ഹെലികോപ്റ്ററിലേക്കും കണ്ണൊന്നു പായിച്ചു കൂടെ..
ബി.ജെ.പി. പ്രതിക്കൂട്ടിലാവുന്ന
കേസുകളിൽ പഴയ ആഭ്യന്തര
വകുപ്പിൻ്റെ അതേ #തടവൽനയം
തന്നെ ഈ സർക്കാരും തുടരുമ്പോൾ;
തെരഞ്ഞെടുപ്പിൽ എട്ടു ലക്ഷത്തോളം
BJP വോട്ടുകൾ മറിച്ചതിനുള്ള
ഉപകാരസ്മരണയാണോ, അതല്ല, BJP യുമായി വിലപേശി ആരുടെയെങ്കിലും
ജയിൽ മോചനം നേടാനുള്ള
അടവുനയമാണോ... സംശയിക്കുന്ന ജനങ്ങളെ കുറ്റം പറയാനാവില്ല.
രാഷ്ട്രീയ പ്രതിയോഗികളുടെ വീടുകളിൽ
നിരന്തരം റെയ്ഡിനെത്തിയ കേന്ദ്ര/ സംസ്ഥാന അന്വേഷണ ഏജൻസികൾക്ക്
BJP നേതാക്കളുടെ വീടുകളിലേക്ക്
വഴിയറിയാഞ്ഞിട്ടാണോ..?
ആളും തരവും നോക്കി ഐപിസി യും
സി ആർ പി സി യും, യു.എ.പി.എ യും
മാറി മറിയുന്നത് കാണുമ്പോൾ
"ചങ്ക് പലതാണ് "എന്ന് ആരെങ്കിലും
മുഖത്ത് നോക്കി പറഞ്ഞാൽ അവരോട്
"കടക്കു പുറത്ത്" എന്നെങ്കിലും
പറയാതിരിക്കാൻ ശ്രമിക്കണം.''