യു.ഡി.എഫ് കാലത്ത് സർവകലാശാലകളിൽ തിരിമറി നടന്നിട്ടില്ല; പി.എം.എ സലാം എന്തുകൊണ്ട് അങ്ങനെ പറഞ്ഞു എന്നറിയില്ല: അബ്ദുറബ്ബ്
|ഭരണമുള്ളപ്പോൾ ലീഗ് തരികിട കാട്ടി സർവകലാശാല യുണിയൻ പിടിക്കാറുണ്ട് എന്നായിരുന്നു സലാമിന്റെ പരാമർശം.
മലപ്പുറം: ലീഗ് ഭരിക്കുമ്പോൾ തരികിട നടത്തി സർവകലാശാല യൂണിയൻ പിടിക്കാറുണ്ടെന്ന മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാമിന്റെ പ്രസ്താവന തള്ളി മുൻ വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബ്. പി.എം.എ സലാം എന്തടിസ്ഥാനത്തിലാണ് അങ്ങനെ പറഞ്ഞത് എന്നറിയില്ല. ലീഗ് തിരിമറികൾ അംഗീകരിക്കില്ലെന്നും അബ്ദുറബ്ബ് പറഞ്ഞു.
മലപ്പുറം മൂർക്കനാട് നടന്ന കുടുംബസംഗമത്തിലായിരുന്നു പി.എം.എ സലാമിന്റെ പ്രസ്താവന. മുസ്ലിം ലീഗിന് ഭരണമുണ്ടാകുമ്പോൾ വിദ്യാഭ്യാസമന്ത്രി ലീഗുകാരനാകുമ്പോൾ ചില തരികിടകളൊക്കെ കാട്ടി യൂണിവേഴ്സിറ്റി യൂണിയനും കോളജുകളും പിടിച്ചെടുക്കാൻ സാധിക്കാറുണ്ട് എന്നായിരുന്നു സലാം പറഞ്ഞത്.
ഇത്തവണത്തെ യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റമുണ്ടാക്കാനായി എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സലാമിന്റെ പ്രസ്താവന. ഇപ്പോൾ അത്തരം തരികിടകൾ കാണിക്കുന്നത് സി.പി.എം ആണ്. അവർ ഇപ്പോൾ യൂണിവേഴ്സിറ്റികളും കോളജുകളും കയ്യടക്കിവെച്ചിരിക്കുകയാണെന്നും സലാം പറഞ്ഞു.