Kerala
ഉത്തരവാദിത്വ പ്രതിപക്ഷമായി പ്രവർത്തിക്കാനാകട്ടെ; കുഞ്ഞാലിക്കുട്ടിക്ക് ആശംസ നേർന്ന് പികെ അബ്ദുറബ്ബ്
Kerala

'ഉത്തരവാദിത്വ പ്രതിപക്ഷമായി പ്രവർത്തിക്കാനാകട്ടെ'; കുഞ്ഞാലിക്കുട്ടിക്ക് ആശംസ നേർന്ന് പികെ അബ്ദുറബ്ബ്

Web Desk
|
6 May 2021 12:13 PM GMT

തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ അബ്ദുറബ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ് വിവാദങ്ങൾ വഴി വച്ചിരുന്നു

മുസ്‌ലിംലീഗ് നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ട പികെ കുഞ്ഞാലിക്കുട്ടിക്കും ഉപനേതാവായ എംകെ മനീറിനും അഭിനന്ദനങ്ങൾ അറിയിച്ച് മുൻ വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബ്. ഉത്തരവാദിത്വ പ്രതിപക്ഷമായി പ്രവർത്തിക്കാനും പാർട്ടിയെ പൂർവ പ്രതാപത്തിലേക്കും വിജയങ്ങളിലേക്കും നയിക്കാനും സർവശക്തൻ അനുഗ്രഹവും കരുത്തും പ്രദാനം ചെയ്യട്ടെ എന്ന് അബ്ദുറബ് ഫേസ്ബുക്കിൽ കുറിച്ചു.

നേരത്തെ, തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ അബ്ദുറബ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ് വിവാദങ്ങൾ വഴി വച്ചിരുന്നു. നിയമനിർമാണ സഭകളിലേക്ക് ജനം തെരഞ്ഞെടുത്ത് അയക്കുന്നത് അഞ്ചു വർഷത്തേക്ക് അവരുടെ ശബ്ദം അവിടെ മുഴങ്ങാനാണ് എന്നും യുദ്ധമുഖത്ത് നിന്ന് പിന്തിരിഞ്ഞോടുന്നവരെ കുറിച്ച് പ്രവാചകൻ വിശേഷിപ്പിച്ചത് മറക്കരുത് എന്നും അബ്ദുറബ്ബ് ഓർമിപ്പിച്ചിരുന്നു. കുഞ്ഞാലിക്കുട്ടിയുടെ പേരെടുത്ത് പറയാതെയായിരുന്നു മുൻ മന്ത്രിയുടെ വിമർശം.

'ജനാധിപത്യ ശ്രീകോവിലുകളിലേക്ക് ജനം അവരുടെ പ്രതിനിധികളെ തെരെഞ്ഞെടുക്കുന്നത് അഞ്ചു വർഷം അവരുടെ ശബ്ദം നിയമനിർമ്മാണ സഭകളിൽ മുഴങ്ങാനാണെന്നതാണ് യാഥാർഥ്യം. അതു മറക്കുന്നിടത്ത് മൂർദ്ധാവിനുള്ള അടിയുടെ ആഘാതം വീണ്ടും കൂടുന്നു.യുദ്ധ മുഖത്തു നിന്നും പിന്തിരിഞ്ഞോടുന്നവരെ പ്രവാചകൻ തിരുമേനി(സ. അ) വിശേഷിപ്പിച്ചത് നാം ഇത്തരുണത്തിൽ മറക്കരുത്' - അദ്ദേഹം എഴുതി.

അഴീക്കോട്ടെ ലീഗ് സ്ഥാനാർത്ഥി കെഎം ഷാജിയെയും പേരാമ്പ്രയിലെ സ്ഥാനാർത്ഥി സിഎച്ച് ഇബ്രാഹിംകുട്ടിയെയും അബ്ദുറബ്ബ് പോസ്റ്റിൽ പേരെടുത്തു പറയാതെ വിമർശിക്കുന്നുണ്ട്.

'പൊതു സമൂഹം കുറ്റാരോപിതരായി കാണുന്നവരെ അവർ നിരപരാധിത്വം തെളിയിക്കുന്നതിനു മുന്നേ സംഘടനയുടെ അടിസ്ഥാന ഘടകങ്ങളുടെ അഭിപ്രായം പോലും മാനിക്കാതെ മണ്ഡലങ്ങളുടെ ശിരസ്സിൽ കെട്ടി വെച്ചാൽ ഏതു മഹാനാണെങ്കിലും ജനം അതിന്റെ മറുപടി തന്നിരിക്കുമെന്നതും ഈ തെരഞ്ഞെടുപ്പു നമ്മെ ഉണർത്തുന്നു. മണ്ഡലം അറിയാത്തവരെയും മണ്ഡലത്തിലുള്ളവർക്ക് അറിയാത്തവരെയും സാധാരണ ജനം തിരസ്‌കരിക്കുമെന്നതും ഓർക്കേണ്ടതായിരുന്നു.' - എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

മുസ്ലീം ലീഗ് നിയമസഭാ കക്ഷി നേതാവായി തെരെഞ്ഞെടുക്കപ്പെട്ട ബഹു: പി കെ കുഞ്ഞാലികുട്ടി സാഹിബിനും ഉപനേതാവായി...

Posted by P.K. Abdu Rabb on Thursday, May 6, 2021

Similar Posts