''സെഞ്ച്വറി പോയ വേദന മാറുന്നതോടെ ഒരു പ്രത്യേക ആക്ഷനിൽ ക്യാപ്റ്റൻ വീണ്ടും വരും''; മുഖ്യമന്ത്രിയെ ട്രോളി അബ്ദുറബ്ബ്
|തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് മുഖ്യമന്ത്രി പ്രതികരിക്കേണ്ട ആവശ്യമില്ലെന്നാണ് സി.പി.എം നേതാക്കൾ വ്യക്തമാക്കിയത്
മലപ്പുറം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ തുടരുന്ന മൗനത്തെ ട്രോളി മുൻ മന്ത്രി പി.കെ അബ്ദുറബ്ബ്. സെഞ്ച്വറി പോയ വേദന മാറുന്നതോടെ ഒരു പ്രത്യേക ആക്ഷനിൽ ക്യാപ്റ്റൻ വീണ്ടും വരുമെന്ന് അബ്ദുറബ്ബ് പരിഹസിച്ചു.
ഫേസ്ബുക്കിലായിരുന്നു അബ്ദുറബ്ബിന്റെ പരിഹാസം. അണപ്പല്ലടക്കം തെറിക്കുന്ന വിധം അടി കിട്ടിയാൽ ആ വേദന മാറുംവരെ കുറച്ചു ദിവസത്തേക്ക് മൗനം നല്ലതാണെന്നാണ് വിദഗ്ധ ഡോക്ടർമാരുടെ ഉപദേശമെന്ന് അദ്ദേഹം കുറിച്ചു. ''സെഞ്ച്വറി പോയ വേദന മാറുന്നതോടെ ഒരു പ്രത്യേക ആക്ഷനിൽ ക്യാപ്റ്റൻ വീണ്ടും വരും, കിറ്റില്ലാത്ത നാട്ടിലേക്ക് കുറ്റിയുമായി..! എന്നാലും എന്റെ തൃക്കാക്കരക്കാരേ..! ഇങ്ങനെയൊക്കെ ചെയ്യാൻ പറ്റ്വോ, നമ്മള് പിന്നിം കാണണ്ടേ..'' അബ്ദുറബ്ബിന്റെ പരിഹാസം.
തൃക്കാക്കര ഫലം വന്ന് രണ്ടു ദിവസം കഴിഞ്ഞിട്ടും മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഞായറാഴ്ച കണ്ണൂരിൽ മാധ്യമപ്രവർത്തകർ പ്രതികരണം ചോദിച്ചിട്ടും അദ്ദേഹം മൗനം തുടരുകയായിരുന്നു. ഇത് ചൂണ്ടിക്കാട്ടി പ്രതിപക്ഷവും ആക്രമണം ശക്തമാക്കിയിട്ടുണ്ട്. എന്നാൽ, മുഖ്യമന്ത്രി പ്രതികരിക്കേണ്ട ആവശ്യമില്ലെന്നാണ് സി.പി.എം നേതാക്കൾ വ്യക്തമാക്കിയത്. പറയേണ്ടത് പാർട്ടി സെക്രട്ടറി പറഞ്ഞിട്ടുണ്ടെന്നും പ്രതികരിക്കേണ്ട സമയത്ത് മുഖ്യമന്ത്രി പ്രതികരിക്കുമെന്നുമാണ് എസ്. രാമചന്ദ്രൻ പിള്ളയും തോമസ് ഐസക്കും വ്യക്തമാക്കിയത്.
Summary: Former minister PK Abdu Rabb mocks the Chief Minister Pinarayi Vijayan in Thrikkakara bypoll