'പരിപാടി നിയന്ത്രിച്ചത് കുട്ടികൾ തന്നെ, പൊലീസിന്റെ അനുമതിയുണ്ടോ എന്ന് അറിയില്ല': കുസാറ്റിലെ സ്റ്റുഡന്റസ് വെൽഫയർ ഡയറക്ടർ പി കെ ബേബി
|തിരിച്ചറിയാൻ ടി ഷർട്ടും ഐഡി കാർഡും ഉള്ളതിനാൽ ഒറ്റ ഗേറ്റിലായിരുന്നു കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത്. എന്നാൽ, തിരക്കിനിടെ കാര്യങ്ങൾ കൈവിട്ടുപോവുകയായിരുന്നു.
കൊച്ചി: ടെക് ഫെസ്റ്റിനിടെ നടന്ന അപകടം സംബന്ധിച്ച് കുസാറ്റ് സർവകലാശാല അന്വേഷണം ആരംഭിച്ചതായി കുസാറ്റിലെ സ്റ്റുഡന്റസ് വെൽഫയർ ഡയറക്ടർ പി കെ ബേബി. പുറത്തേക്കിറങ്ങാൻ രണ്ട് ഗേറ്റുകൾ കൂടി ഉണ്ടായിരുന്നെങ്കിലും അത് തുറന്നിരുന്നില്ല. തിരിച്ചറിയാൻ ടി ഷർട്ടും ഐഡി കാർഡും ഉള്ളതിനാൽ ഒറ്റ ഗേറ്റിലായിരുന്നു കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത്. എന്നാൽ, തിരക്കിനിടെ കാര്യങ്ങൾ കൈവിട്ടുപോവുകയായിരുന്നു.
കുട്ടികൾ തന്നെയാണ് പരിപാടി നിയന്ത്രിച്ചിരുന്നത്. പൊലീസിന്റെ അനുമതി തേടിയിരുന്നോ എന്നതിൽ വ്യക്തതയില്ല. സാധാരണ നിലയിൽ പോലീസിൽ വിവരം അറിയിക്കാറുണ്ടെന്നും പികെ ബേബി പറഞ്ഞു. സംഭവത്തിൽ വി സി ഇന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോർട്ട് നൽകും.
അപകടത്തിൽ പരിക്കേറ്റ നാല് പേരുടെ നില ഗുരുതരമാണ്. ഇതിൽ തന്നെ സ്വകാര്യ ആശുപത്രിയിലുള്ള രണ്ട് പേരുടെ നില അതീവ ഗുരുതരമാണെന്നും അധികൃതർ അറിയിച്ചു. നിലവിൽ 38 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവും പി രാജീവും കളമശേരി മെഡിക്കൽ കോളേജിലെത്തി പരിക്കേറ്റ വിദ്യാർത്ഥികളെ സന്ദർശിച്ചു.