Kerala
niyamasabha,PK Baby,CUSAT,latest malayalam news,കുസാറ്റ്,പി.കെ ബേബി,നിയമസഭാ വാര്‍ത്തകള്‍
Kerala

'പി.കെ ബേബിക്ക് അനധികൃത സ്ഥാനക്കയറ്റം നൽകി'; മീഡിയവൺ വാർത്ത സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം

Web Desk
|
10 July 2024 5:53 AM GMT

പെൺകുട്ടിയോട് മോശമായി പെരുമാറിയ പി.കെ.ബേബിയെ സർക്കാർ സംരക്ഷിക്കുകയാണെന്ന് വി.ഡി സതീശന്‍

തിരുവനന്തപുരം: കുസാറ്റിലെ സ്റ്റുഡന്റ് വെൽഫയർ ഡയറക്ടർ പി.കെ.ബേബിയെ യുജിസി മാനദണ്ഡങ്ങൾ മറികടന്ന് അധ്യാപകനായി നിയമിച്ച മീഡിയവൺ വാർത്ത സഭയിലുന്നയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അനധികൃതമായി നിയമിച്ച ബേബിക്ക് 11 വർഷത്തെ ശമ്പളം മുൻകാലപ്രാബല്യത്തോടെ നൽകി. പെൺകുട്ടിയോട് മോശമായി പെരുമാറിയ പി.കെ.ബേബിയെ സർക്കാർ സംരക്ഷിക്കുകയാണെന്നും വി.ഡി സതീശൻ ആരോപിച്ചു. പി.കെ.ബേബിക്കെതിരെ സർവകലാശാലയും പൊലീസും അന്വേഷണം നടത്തുന്നുണ്ടെന്ന് മന്ത്രി വീണാ ജോർജ് മറുപടി നൽകി.

അതേസമയം, സംസ്ഥാനത്ത് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ പ്രതിപക്ഷം നിയമസഭയിലുന്നയിച്ചു. പെൺകുട്ടികളുടെ അശ്ലീല ദൃശ്യം പ്രചരിപ്പിച്ച എസ്എഫ്ഐ മുൻ നേതാവിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. ബ്രിജിത് ഭൂഷൺ യാദവിന്റെ അതിക്രമകളെ വെല്ലുന്നതാണ് കേരള ക്രിക്കറ്റ് അസോസിയേഷനിലെ പരിശീലകന്‍റെ പീഡനം.

ഇതിനെല്ലാം മറുപടി പറയേണ്ട മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയിൽ ഹാജരാകാത്തത് സർക്കാർ ഇത്തരം വിഷയങ്ങളെ ലാഘവത്തോടെയാണ് കാണുന്നത് എന്നതിന് തെളിവാണെന്നും കെ.കെ രമ എം.എല്‍.എ പറഞ്ഞു. അരൂരിൽ ദലിത് പെൺകുട്ടിയെ മർദിച്ചത് സി.പി.എം നേതാവാണെന്നും ഇയാളെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറാവുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ആരോപിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ അതിക്രമം നടത്തുന്ന ഒരാളെയും സംരക്ഷിക്കില്ലെന്നായിരുന്നു മന്ത്രി വീണാ ജോർജിന്റെ മറുപടി. അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം ഇറങ്ങിപ്പോയി.


Similar Posts