Kerala
ആർ.എസ്.എസ് ഫാസിസ്റ്റുകളുടെ അവഗണനയേക്കാൾ വലിയ സാക്ഷ്യപത്രം മറ്റെന്താണ് വാരിയംകുന്നത്തത്ത് കുഞ്ഞഹമ്മദ് ഹാജിക്ക് അടയാളപ്പെടുത്തലുകൾക്ക് ലഭിക്കാനുള്ളത്- പി.കെ. ഫിറോസ്
Kerala

ആർ.എസ്.എസ് ഫാസിസ്റ്റുകളുടെ അവഗണനയേക്കാൾ വലിയ സാക്ഷ്യപത്രം മറ്റെന്താണ് വാരിയംകുന്നത്തത്ത് കുഞ്ഞഹമ്മദ് ഹാജിക്ക് അടയാളപ്പെടുത്തലുകൾക്ക് ലഭിക്കാനുള്ളത്- പി.കെ. ഫിറോസ്

Web Desk
|
23 Aug 2021 4:15 PM GMT

''ധൈര്യം നിറഞ്ഞ പുഞ്ചിരികൊണ്ട് ഇരുമ്പുതിരകൾ നിർവീര്യമാക്കിക്കളയുകയും മരണപത്രം വായിക്കുന്നത് കേൾക്കുകയും ചെയ്ത ധീരദേശാഭിമാനികൾ ഉൾപ്പെടെ 387 സ്വാതന്ത്ര്യ സമര സേനാനികളായ മാപ്പിളമാരുടെ പേരുകൾ ഡിക്ഷണറിയിൽ നിന്നെടുത്ത് കളഞ്ഞതുകൊണ്ട് അവരുടെ ആത്മാർഥ സംഭാവനകൾ മായ്ച്ചുകളയാമെന്നത് വ്യാമോഹം മാത്രമാണ്''

മലബാർ സമര നേതാക്കളായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, അലി മുസ്ലിയാർ ഉൾപ്പെടെയുള്ള 387 രക്തസാക്ഷികളെ സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്തതിനെതിരേ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്.

ഇന്ത്യൻ സ്വാതന്ത്ര്യ സമരം പിന്നിൽനിന്ന് കുത്തി തകർക്കാൻ ശ്രമിച്ച പാരമ്പര്യം മാത്രമുള്ള ആർ.എസ്.എസ് ഫാസിസ്റ്റുകളുടെ അവഗണനയേക്കാൾ വലിയ സാക്ഷ്യപത്രം മറ്റെന്താണ് ഈ മാപ്പിളമാരുടെ അടയാളപ്പെടുത്തലുകൾക്ക് ലഭിക്കാനുള്ളതെന്ന് അദ്ദേഹം ചോദിച്ചു.

''ധൈര്യം നിറഞ്ഞ പുഞ്ചിരികൊണ്ട് ഇരുമ്പുതിരകൾ നിർവീര്യമാക്കിക്കളയുകയും മരണപത്രം വായിക്കുന്നത് കേൾക്കുകയും ചെയ്ത ധീരദേശാഭിമാനികൾ ഉൾപ്പെടെ 387 സ്വാതന്ത്ര്യ സമര സേനാനികളായ മാപ്പിളമാരുടെ പേരുകൾ Indian Council of Historical Researchന്റെ ഡിക്ഷണറിയിൽ നിന്നെടുത്ത് കളഞ്ഞതുകൊണ്ട് അവരുടെ ആത്മാർഥ സംഭാവനകൾ മായ്ച്ചുകളയാമെന്നത് വ്യാമോഹം മാത്രമാണ്''- പി.കെ. ഫിറോസ് കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾ ഒളിഞ്ഞു നിന്നുനോക്കിയ പാരമ്പര്യം പോലും RSSന് ഇല്ലെന്ന് പറയുന്നത് ഭാഗികമായി തെറ്റാണ്. സമര രംഗങ്ങൾ പലപ്പോഴായി അവർ മാറിനിന്നു പകർത്തിയത് ബ്രിട്ടീഷുകാർക്ക് ഒറ്റിക്കൊടുക്കാൻ വേണ്ടി മാത്രമാണ്. പിന്നീടത് മാറ്റി എഴുതിയതും, വിഭജനത്തിന്റെ വേദനിക്കുന്ന ഓർമ്മകൾ കഴിഞ്ഞ ദിവസം മുതൽ ആചരിക്കാൻ തുടങ്ങിയതും എല്ലാം, വസ്തുതകൾ മറച്ച്, വേദനയിൽ മുളകുതേച്ച് വർഗ്ഗീയ മുതലെടുപ്പുകൾ നടത്താൻ വേണ്ടി മാത്രമാണ്. ഇപ്പോഴിതാ ധീരരക്ത സാക്ഷികളായ വാരിയൻകുന്നനെയും ആലിമുസ്ല്യാരുമുൾപ്പടെയുള്ളവരെ തമസ്കരിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിരിക്കുന്നു.

മാപ്പെഴുതി നൽകിയാൽ വാരിയംകുന്നത്ത് കുഞ്ഞഹമ്മദാജിക്ക് ബ്രിട്ടീഷ് അധികാരികൾ വെച്ചുനീട്ടി നൽകിയ വാഗ്ദാനങ്ങളിൽ ഒന്ന് മക്ക നഗരത്തിൽ അവസാന നാളുകൾ ചെലവഴിക്കാനുള്ള അവസരമായിരുന്നു. ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അത്രമേൽ സന്തോഷദായകമായ ഭാഗ്യം. പക്ഷേ, അധിനിവേശ ശക്തിയോട് രാജിയാകാൻ തയ്യാറാവാത്ത പോരാട്ടമായിരുന്നു പ്രിയപ്പെട്ട ഹാജി തെരഞ്ഞെടുത്തത്.

ആലിമുസ്ലിയാർ താൻ ജോലി ചെയ്ത പള്ളിയും അവിടുത്തെ ജനങ്ങളെയും ഉപയോഗപ്പെടുത്തി അധിനിവേശ ശക്തികൾക്കെതിരെ ഒരു വൻമതിൽ തന്നെ തീർത്തു. മുസ്‌ലിയാരുടെ സാന്നിധ്യം എല്ലായ്പ്പോഴും ബ്രിട്ടീഷ് സേനക്ക് തലവേദന സൃഷ്ടിച്ചു.

ധൈര്യം നിറഞ്ഞ പുഞ്ചിരികൊണ്ട് ഇരുമ്പുതിരകൾ നിർവ്വീര്യമാക്കിക്കളയുകയും മരണപത്രം വായിക്കുന്നത് കേൾക്കുകയും ചെയ്ത ധീരദേശാഭിമാനികൾ ഉൾപ്പെടെ 387 സ്വാതന്ത്ര്യ സമര സേനാനികളായ മാപ്പിളമാരുടെ പേരുകൾ Indian Council of Historical Researchന്റെ ഡിക്ഷണറിയിൽ നിന്നെടുത്ത് കളഞ്ഞതുകൊണ്ട് അവരുടെ ആത്മാർഥ സംഭാവനകൾ മായ്ച്ചുകളയാമെന്നത് വ്യാമോഹം മാത്രമാണ്.

ഇന്ത്യൻ സ്വാതന്ത്ര്യ സമരം പിന്നിൽനിന്ന് കുത്തി തകർക്കാൻ ശ്രമിച്ച പാരമ്പര്യം മാത്രമുള്ള RSS ഫാസിസ്റ്റുകളുടെ അവഗണനയേക്കാൾ വലിയ സാക്ഷ്യപത്രം മറ്റെന്താണ് ഈ മാപ്പിളമാരുടെ അടയാളപ്പെടുത്തലുകൾക്ക് ലഭിക്കാനുള്ളത്.!

ഇന്ത്യൻ കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ച് (ഐ.സി.എച്ച്.ആർ) പുറത്തുവിട്ട നിഘണ്ടുവിന്റെ അഞ്ചാം വാല്യത്തിലെ എൻട്രികൾ അവലോകനം ചെയ്ത മൂന്നംഗ പാനലാണ് പേരുകൾ നീക്കം ചെയ്യാൻ തീരുമാനമെടുത്തതെന്ന് ദ ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു.

1921 ലെ സമരം ഇന്ത്യൻ സ്വാതന്ത്രസമരത്തിന്റെ ഭാഗമല്ലെന്നും മതപരിവർത്തനത്തെ ലക്ഷ്യം വെച്ചുള്ള മതമൗലികവാദ പ്രസ്ഥാനമായിരുവെന്നുമാണ് സമിതിയുടെ കണ്ടെത്തൽ. സമരക്കാർ ഉയർത്തിയ മുദ്രാവാക്യങ്ങളൊന്നും ദേശീയതയ്ക്ക് അനുകൂലമല്ല, അതേസമയം ബ്രിട്ടീഷ് വിരുദ്ധവുമല്ല. കലാപം ഒരു ഖിലാഫത്ത് സ്ഥാപിക്കാനുള്ള ശ്രമമായിരുന്നു. ഇത് വിജയിച്ചിരുന്നെങ്കിൽ, ഇവിടെയും ഒരു ഖിലാഫത്ത് സ്ഥാപിക്കപ്പെടുമായിരുന്നു. ഇന്ത്യക്ക് ആ പ്രദേശം നഷ്ടപ്പെടുമായിരുന്നെന്നും സമിതി ചൂണ്ടിക്കാട്ടുന്നു.

ഹാജി ഒരു ശരീഅത്ത് കോടതി സ്ഥാപിക്കുകയും ധാരാളം ഹിന്ദുക്കളുടെ ശിരഛേദം ചെയ്യുകയും ചെയ്ത കലാപകാരിയാണെന്ന് സമിതി കണ്ടെത്തിയിരിക്കുന്നു. മതേതര മുസ്‌ലിംകളെ പോലും കലാപകാരികൾ വെറുതെ വിട്ടില്ല. കലാപകാരികളുടെ കാഴ്ചപ്പാടിൽ മരിച്ചവർ അവിശ്വാസികളായിരുന്നു. വിചാരണക്ക് വിധേയരായ തടവുകാരായ ധാരാളം 'രക്തസാക്ഷികൾ' കോളറ തുടങ്ങിയ രോ?ഗങ്ങളാലാണ് മരണമടഞ്ഞത്. അതിനാൽ അവരെ രക്തസാക്ഷികളായി കണക്കാക്കാനാവില്ല. അവരിൽ വിരലിലെണ്ണാവുന്നവരെ മാത്രമാണ് കോടതി വിചാരണക്ക് ശേഷം ബ്രിട്ടീഷ് സർക്കാർ വധശിക്ഷയ്ക്ക് വിധേയരാക്കിയത്.

സമിതിയുടെ ശുപാർശ പ്രകാരം സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടിക പരിഷ്‌കരിക്കുമെന്നും ഒക്ടോബർ അവസാനത്തോടെ നിഘണ്ടു പുറത്തിറക്കുമെന്നും ഐ.സി.എച്ച്.ആർ ഡയറക്ടർ (റിസർച്ച് ആൻഡ് അഡ്മിനിസ്‌ട്രേഷൻ) ഓം ജീ ഉപാധ്യായ് പറഞ്ഞു.

കോഴിക്കോട് ഒരു യോഗത്തിൽ ആർ.എസ്.എസ് നേതാവ് രാം മാധവ്, ഇന്ത്യയിലെ താലിബാൻ മനോഭാവത്തിന്റെ ആദ്യ പ്രകടനങ്ങളിലൊന്നാണ് മലബാർ സമരമെന്ന് പ്രസ്താവിച്ചിരുന്നു. അതേസമയം കേരള നിയമസഭ സ്പീക്കർ എം.ബി രാജേഷ് ബ്രിട്ടീഷുകാരോട് മാപ്പ് പറയാൻ വിസമ്മതിക്കുകയും രക്തസാക്ഷിത്വം തിരഞ്ഞെടുക്കുകയും ചെയ്ത യോദ്ധാവാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെന്ന് പറഞ്ഞിരുന്നു.

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ സ്ഥാനം ഭഗത് സിംഗിനൊപ്പം ആണെന്നും എം.ബി. രാജേഷ് കൂട്ടിച്ചേർത്തു. മലബാർ കലാപത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് സംസ്ഥാന ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്ഥാപിച്ച രാജ്യത്തിന്റെ പേര് മാപ്പിള രാജ്യമായിരുന്നില്ല, മലയാള രാജ്യമെന്നായിരുന്നു. പുതിയ തലമുറയെ ചരിത്രം വസ്തുനിഷ്ഠമായി പഠിപ്പിക്കുന്നതിന് ചരിത്ര വായനകൾ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വർഷം പ്രഖ്യാപിച്ച നടൻ പൃഥ്വിരാജ് നായകനായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ സിനിമക്കെതിരെ സംഘപരിവാർ സംഘടനകൾ രംഗത്ത് വന്നിരുന്നു.


Similar Posts