പാണക്കാട്ടെ തീരുമാനങ്ങൾ ദീർഘകാലത്തേക്കുള്ളതാണ്; അതിന് നല്ല ക്ലാരിറ്റിയുണ്ടാവും: പി.കെ ഫിറോസ്
|സി.പി.എം സെമിനാറിൽ പങ്കെടുക്കുന്നത് സംബന്ധിച്ച ലീഗ് തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് ഫിറോസിന്റെ പ്രതികരണം.
കോഴിക്കോട്: ഏക സിവിൽകോഡ് വിഷയത്തിൽ ലീഗ് നിലപാട് വ്യക്തമാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. പാണക്കാട്ടെ തീരുമാനങ്ങൾ ദീർഘകാലത്തേക്കുള്ളതാണെന്നും അതുകൊണ്ട് തന്നെ അതിന് നല്ല ക്ലാരിറ്റിയാണെന്നും ഫിറോസ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ഇന്ന് പാണക്കാട് ചേർന്ന നേതൃയോഗം ഏകസിവിൽ കോഡുമായി ബന്ധപ്പെട്ട സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്യുകയും തീരുമാനങ്ങൾ മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തു.അതിന്റെ ചുരുക്കം ഇങ്ങിനെയാണ്
സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ:
പാർലമെന്റിനകത്തും പുറത്തും ഏകസിവിൽ കോഡിനെതിരായ പോരാട്ടം ശക്തിപ്പെടുത്താൻ കോൺഗ്രസിനെ ഒഴിവാക്കിക്കൊണ്ട് സാധ്യമല്ല. അതിനാൽ കോൺഗ്രസിനെ ക്ഷണിക്കാതെ സി.പി.എം സംഘടിപ്പിക്കുന്ന സെമിനാറിൽ മുസ്ലിം ലീഗ് പങ്കെടുക്കില്ല. മുസ്ലിം സംഘടനകളെ സെമിനാറിലേക്ക് ക്ഷണിച്ചാൽ പോകണമോ വേണ്ടയോ എന്നത് അതാത് സംഘടനകൾക്ക് തീരുമാനമെടുക്കാവുന്നതാണ്.
പി.കെ കുഞ്ഞാലിക്കുട്ടി:
ഇവിടെ നടക്കുന്ന സെമിനാറുകൾ ഭിന്നിപ്പിക്കാനുള്ളതാവരുത്. എല്ലാവരെയും പങ്കെടുപ്പിച്ച് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ ഒരു മോഡൽ സെമിനാർ സംഘടിപ്പിക്കും. ഏക സിവിൽകോഡ് കേരളത്തിന്റെ പ്രശ്നമല്ല. ഇന്ത്യൻ പാർലമെന്റിലാണ് അതിനെ നേരിടേണ്ടത്. കോൺഗ്രസാണ് അതിന് നേതൃത്വം കൊടുക്കേണ്ടത്. ഡൽഹിയിലുണ്ടാവേണ്ട ഐക്യത്തെ ശക്തിപ്പെടുത്തുന്ന ശ്രമങ്ങളാണ് ഉണ്ടാവേണ്ടത്.
പാണക്കാട്ടെ തീരുമാനങ്ങൾ ദീർഘ കാലത്തേക്കുള്ളതാണ്. അത് കൊണ്ട് തന്നെ അതിന് നല്ല ക്ലാരിറ്റിയുമാണ്.