'കൈ വെട്ടും കാല് വെട്ടും എന്നൊക്കെയുള്ള വെല്ലുവിളികൾ അംഗീകരിക്കാനാവില്ല, കർശന നടപടി'; മുഈനലി തങ്ങൾക്കെതിരായ ഭീഷണിയിൽ പി.കെ കുഞ്ഞാലിക്കുട്ടി
|മുസ്‌ലിം ലീഗ് ഇത്തരം പ്രവർത്തനങ്ങളെ ഒരു കാലത്തും അംഗീകരിച്ചിട്ടില്ല.
മലപ്പുറം: പാണക്കാട് മുഈനലി തങ്ങൾക്ക് നേരെയുണ്ടായ ഭീഷണിയിൽ പ്രതികരിച്ച് പി.കെ കുഞ്ഞാലിക്കുട്ടി. കൈ വെട്ടും കാല് വെട്ടും എന്നൊക്കെയുള്ള വെല്ലുവിളികൾ ഒരു നിലയ്ക്കും അംഗീകരിക്കാൻ പറ്റാത്ത പ്രസ്താവനകൾ ആണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
എല്ലാവരും ബഹുമാനിക്കുന്ന പാണക്കാട് കുടുംബത്തിന് നേരെ ഇത്തരത്തിലുള്ള പ്രസ്താവനകൾ വരുമ്പോൾ മുസ്‌ലിം ലീഗ് പ്രവർത്തകർക്കോ സമൂഹത്തിലെ ആർക്കും തന്നെ ഒരു തരത്തിലും അത് അംഗീകരിക്കാൻ സാധ്യമല്ല. അതുകൊണ്ട് തന്നെ ഇത്തരം പ്രസ്താവനകൾ പ്രതിഷേധാർഹമാണ്.
മുസ്‌ലിം ലീഗ് ഇത്തരം പ്രവർത്തനങ്ങളെ ഒരു കാലത്തും അംഗീകരിച്ചിട്ടില്ല. അത്തരം പ്രസ്താവനകൾ നടത്തിയവർക്കെതിരെ അതത് സമയത്ത് തന്നെ പാർട്ടി കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ വിഷയത്തിലും കർശനമായ നടപടി സ്വീകരിക്കുമെന്നും നിയമപരമായും ശക്തമായ നടപടികളുമായി പാർട്ടി മുന്നോട്ടുപോവുമെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു.
വധഭീഷണി മുഴക്കിയത് ആരായാലും അവർ ശിക്ഷിക്കപ്പെടണമെന്നും അത് പൊലീസിന്റെ ഉത്തരവാദിത്തമാണെന്നും ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം പ്രതികരിച്ചിരുന്നു. ഭീഷണി മുഴക്കിയ വ്യക്തിയെ ഇതുപോലൊരു സംഭവത്തെത്തുടർന്ന് വർഷങ്ങൾക്ക് മുമ്പ് തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതാണ്. പിന്നീട് തിരിച്ചെടുക്കാനുള്ള ഒരുപാട് അഭ്യർഥന തന്നിട്ടും അത് സ്വീകരിച്ചിട്ടില്ല. ഇത്തരം പ്രവണത ഏത് ഭാഗത്ത് നിന്നുണ്ടായാലും പ്രതികരിക്കാൻ മുസ്‍ലിം ലീഗ് രംഗത്തുണ്ടാകും. മുഈനലി തങ്ങൾക്കൊപ്പം പാർട്ടി ഉണ്ടെന്നും പി.എം.എ സലാം പറഞ്ഞു.
മുഈനലി തങ്ങൾക്ക് പിന്തുണയുമായി കെ.ടി ജലീൽ എം.എൽ.എ രംഗത്തെത്തിയിരുന്നു. പാണക്കാട്ടെ കുട്ടികളിൽ ഒരാളെയും ഒരാളും തൊടില്ലെന്നും ഗുരുത്വക്കേട് തട്ടി വീൽചെയറിലാകുന്നത് ആരാണെന്ന് നമുക്ക് കാത്തിരുന്നു കാണാമെന്നും കെ.ടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു. മുഈനലി തങ്ങൾക്ക് ഐക്യദാർഢ്യമെന്നും ജലീൽ വ്യക്തമാക്കി. പാണക്കാട് കുടുംബത്തിൽ ഹൈദരലി തങ്ങളുടെ മക്കൾക്ക് മാത്രം മഹത്വമില്ലെന്നാണ് പൈതൃകവാദികളുടെ പക്ഷമെങ്കിൽ ആ പക്ഷത്ത് നിൽക്കാൻ തലച്ചോറുള്ള ആരെയും കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
'തങ്ങളേ, ഈ പോക്ക് പോകാണെങ്കില്‍ വീല്‍ചെയറില്‍ പോകേണ്ടിവരും. തങ്ങള്‍ കുടുംബത്തെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നയാളാണ്. ഈ രീതിയില്‍ മുന്നോട്ടുപോയാല്‍ തങ്ങള്‍ക്ക് പുറത്തിറങ്ങാനാകില്ല. നേതൃത്വത്തെ വെല്ലുവിളിച്ച് മുന്നോട്ടുപോകാന്‍ അനുവദിക്കില്ല’ എന്നായിരുന്നു മുഈനലി തങ്ങൾക്ക് നേരെയുണ്ടായ ഭീഷണി സന്ദേശം.
മുഈനാലി തങ്ങൾ പങ്കെടുക്കുന്ന പരിപാടികളിൽ പ്രശ്‌നം ഉണ്ടാക്കുമെന്നും ഭീഷണിയുണ്ടായിരുന്നു. റാഫി പുതിയകടവ് എന്നയാളാണ് ഫോണിലൂടെ ഭീഷണിപ്പെടുത്തിയതെന്നാണ് പരാതി. ഇതിന്റെ ഓഡിയോ സന്ദേശമടക്കം മുഈനലി തങ്ങൾ മലപ്പുറം പൊലീസിൽ പരാതി നൽകുകയും ഞായറാഴ്ച രാവിലെ സ്റ്റേഷനിൽ ഹാജരായി മൊഴി നൽകുകയും ചെയ്തു.
ഇതോടെ, വധഭീഷണി മുഴക്കിയതിൽ ഖേദം പ്രകടിപ്പിച്ച് റാഫി പുതിയകടവ് രംഗത്തെത്തി. പാർട്ടിക്കെതിരെ പ്രവർത്തിക്കുന്നത് ചൂണ്ടിക്കാണിക്കുകയാണ് ചെയ്തതെന്നും വെട്ടാനും കുത്താനുമൊന്നുമല്ലെന്നും പറഞ്ഞതിൽ ഖേദം പ്രകടിപ്പിക്കുന്നതായും റാഫി പറഞ്ഞിരുന്നു.
ഫോണിൽ സംസാരിക്കവെ ഇങ്ങോട്ട് പ്രകോപനം ഉണ്ടായി. പാണക്കാട് കുടുംബത്തെ മോശമാക്കുന്ന അവസ്ഥ വന്നപ്പോൾ ചോദ്യം ചെയ്തതാണെന്നും റാഫി മീഡിയവണിനോട് പറഞ്ഞു.
പി.കെ കുഞ്ഞാലിക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
കയ്യ് വെട്ടും കാല് വെട്ടും എന്നൊക്കെയുള്ള വെല്ലുവിളികൾ ഒരു നിലക്കും അംഗീകരിക്കാൻ പറ്റാത്ത പ്രസ്താവനകൾ ആണ്. എല്ലാവരും ബഹുമാനിക്കുന്ന പാണക്കാട് കുടുംബത്തിന് നേരെ ഇത്തരത്തിലുള്ള പ്രസ്താവനകൾ വരുമ്പോൾ മുസ്‌ലിം ലീഗ് പ്രവർത്തകർക്കോ സമൂഹത്തിലെ ആർക്കും തന്നെ ഒരു തരത്തിലും അത് അംഗീകരിക്കാൻ സാധ്യമല്ല. അത് കൊണ്ട് തന്നെ ഇത് തീർത്തും പ്രതിഷേധാർഹമായ കാര്യം തന്നെയാണ് .
മുസ്ലിം ലീഗ് പാർട്ടി ഇത്തരത്തിലുള്ള പ്രവർത്തനങ്ങളെ ഒരു കാലത്തും അംഗീകരിച്ചിട്ടില്ല. അത്തരം പ്രസ്താവനകൾ നടത്തിയവർക്കെതിരെ അതത് സമയത്ത് തന്നെ പാർട്ടി കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ ഈ വിഷയത്തിലും കർശനമായ നടപടി സ്വീകരിക്കും. ഇക്കാര്യത്തിൽ നിയമപരമായും ശക്തമായ നടപടികളുമായി പാർട്ടി മുന്നോട്ട് പോകുന്നതാണ്.